Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ ഉത്പാദനത്തെക്കുറിച്ചുള്ള ആശങ്ക വർധിക്കുകയാണ്. ഇത് ഉപഭോക്താക്കളേയും ഒരുപോലെ ബാധിക്കുന്ന കാര്യമായതിനാൽ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനർജി മാനേജ്മെന്റ് സെന്റർ. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കൂടിയ നിരക്കിൽ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. വൈകിട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയമാണ് പീക്ക് സമയം. ഈ സമയം എയർകണ്ടീഷണർ, കൂളർ, ഫാൻ എന്നിവയുടെയെല്ലാം ഉപയോഗം കൂടുന്നുണ്ട്. ഇവ ഒഴിവാക്കാനും സാധിക്കില്ല. അതിന് മറ്റ് വഴികൾ സ്വീകരിക്കണമെന്നും എനർജി മാനേജ്മെന്റ് സെന്റർ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ചെയ്താൽ വൈദ്യുതി ലാഭിക്കാം

വീടുകളിൽ വൈകുന്നേരം ആറു മുതൽ രാത്രി 11 വരെ ഇൻഡക്ഷൻ കുക്കർ, പമ്പുകൾ, വാഷിംഗ് മെഷീൻ എന്നിവ ഓണാക്കാതിരിക്കുക. വീടുകളിലും ഓഫീസുകളിലും എയർകണ്ടീഷണറിന്റെ (എ.സി.) താപനില 25 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യാം. ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി അധികം വേണ്ടിവരും. വൈദ്യുത ഉപകരണങ്ങൾ വാങ്ങുമ്പോൾ ബി.ഇ.ഇ. സ്റ്റാർ ലേബലുള്ള ഊർജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക. ഏറ്റവും ഊർജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാർ ലേബലിംഗ് ആണ് ഉള്ളത്. അത് വാങ്ങുക വഴി ഊർജ്ജ ഉപയോഗം കുറയ്ക്കാം.

സാധാരണ ഫാൻ (55 വാട്ട്സ്) ഉപയോഗിക്കുന്ന സ്ഥാനത്ത് ഊർജ്ജകാര്യക്ഷമത കൂടിയ ബി.എൽ.ഡി.സി. ഫാൻ (28 വാട്ട്സ്) ഉപയോഗിച്ചാൽ ഒരു മാസത്തിൽ 6.48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം. ഇതുപോലെ എല്ലാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കണം. ബി.ഇ.ഇ. സ്റ്റാർ ലേബലുള്ള ഉപകരണങ്ങൾ വാങ്ങുമ്പോൾ ലേബലിന്റെ കാലാവധി, റ്റിഡി പദവി എന്നിവ സസൂഷ്മം നിരീക്ഷിച്ച് വാങ്ങുക. ഓഫീസുകളിൽ ലൈറ്റുകൾ ആവശ്യത്തിനു മാത്രം കാശിക്കാൻ ടൈമറുകൾ/ സെൻസറുകൾ ഘടിപ്പിക്കുക. വീടുകളിലും ഓഫീസുകളിലും ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യക. ഓഫീസുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത മുറികളിൽ ലൈറ്റ്, ഫാൻ, എ.സി. എന്നിവ പ്രവർത്തിക്കുന്നില്ലന്ന് ഉറപ്പുവരുത്തുക. വൈദ്യുതി ഉപയോഗിക്കുന്ന നമ്മുടെ കൈകൾ തന്നെയാണ് അത് നിയന്ത്രിക്കേണ്ടതും.

Leave a Reply

Your email address will not be published. Required fields are marked *