Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നാളെയാകുമെന്നാണ് സൂചന. അജിത് അഗാര്‍ക്കാര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അഹമ്മദാബാദില്‍ യോഗം ചേരുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി ടീമിലെത്തുമെന്ന് ഉറപ്പുളളത് നാല് പേര്‍. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്.

ഒരേ ശൈലിയില്‍ കളിക്കുന്ന രണ്ട് വലംകയ്യന്‍ ബാറ്റര്‍മാര്‍ ടോപ് ഓര്‍ഡറില്‍ ഉള്ളപ്പോള്‍ ശുഭ്മന്‍ ഗില്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് നീങ്ങിയാല്‍ അത്ഭുതം വേണ്ട. റിങ്കു സിംഗ് ഫിനിഷറുടെ റോളില്‍ അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്ററായേക്കും. വിക്കറ്റ് കീപ്പറുടെ സ്ലോട്ടിലേക്കാണ് കടുത്ത മത്സരം. സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കപ്പെടുമെന്ന് ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ടീം മാനേജ്‌മെന്ര്‍റിന് റിഷഭ് പന്തിനോടാണ് കൂടുതല്‍ താത്പര്യം.

പന്തിനെ വൈസ് ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്. രണ്ടാം കീപ്പറായി സഞ്ജുവും കെ എല്‍ രാഹുലും തമ്മിലാണ് മത്സരം എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാറ്റിംഗ് ക്രമത്തിലെ അഞ്ച് മുതല്‍ 7 വരെയുള്ള സ്ഥാനങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ് താരങ്ങള്‍ തന്നെ വേണമെന്ന നിര്‍ദ്ദേശം രോഹിത് ശര്‍മ്മ അജിത് അഗാര്‍ക്കറെ അറിയിച്ചന്നാണ് പുതിയ വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ മറ്റു ചില പേരുകള്‍ കൂടി സെലക്റ്റര്‍മാര്‍ പരിഗണിക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിരുന്ന ജിതേഷ് ശര്‍മ, ടെസ്റ്റ് അരങ്ങേറ്റത്തില്‍ മികവുകാട്ടിയ ധ്രുവ് ജുറല്‍, ഐപിഎല്ലിലെ ആദ്യ ഘട്ടത്തില്‍ തിളങ്ങിയ ദിനശ് കാര്‍ത്തിക്ക് എന്നീ പേരുകള്‍ ഉയര്‍ന്നേക്കാം. ഐപിഎല്ലിലെ കീപ്പര്‍മാരില്‍ മുന്നിലെങ്കിലും മൂന്നാം നമ്പറിലാണ് സഞ്ജു കളിക്കുന്നതെന്ന ന്യായം ചൂണ്ടിക്കാട്ടി മലയാളി താരത്തെ വെട്ടുമോയെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *