Your Image Description Your Image Description
Your Image Alt Text

 

വെല്ലിംഗ്ടൺ: ടി20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിനെ കെയ്ൻ വില്യംസൺ നയിക്കും. 15 അംഗ ടീമിൽ ടിം സൗത്തിയും ട്രന്റ് ബോൾട്ടും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെല്ലാം ഇടം നേടി. പരിക്കിനെ തുടർന്ന് ഐപിഎൽ നഷ്ടമായ ഡെവോൺ കോൺവെ ടീമിലിടം നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തന്നെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്‌നർ എന്നിവരെല്ലാം ടീമിലെത്തി. അടുത്ത കാലത്ത് ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത മാറ്റ് ഹെന്റിയും ടീമിലുണ്ട്. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ താരമാണ് ഹെന്റി.

അഞ്ചാം ടി20 ലോകകപ്പ് കളിക്കുന്ന ബോൾട്ടും സൗത്തിക്കുമൊപ്പം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ലോക്കി ഫെർഗൂസണും ചേരും. പേസ് ഓൾറൗണ്ടർമാരായി ഡാരിൽ മിച്ചലും ജിമ്മി നീഷാമും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇഷ് സോധിയും മിച്ചൽ സാന്റ്‌നറും ടീമിലുണ്ട്. ആവശ്യം വന്നാൽ ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, മാർക് ചാപ്മാൻ എന്നിവരേയും ഉപയോഗിക്കാം. എന്നാൽ ഏറെ രസകരം ടീമിലുള്ള താരങ്ങൾക്കാർക്കും ഐപിഎല്ലിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നുള്ളതാണ്.

വില്യംസൺ ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടെങ്കിലും ഡേവിഡ് മില്ലർക്ക് പരിക്കേറ്റപ്പോഴാണ് അവസരം ലഭിച്ചത്. കിട്ടിയ അവസരങ്ങളിൽ തിളങ്ങാൻ സാധിച്ചതുമില്ല. പിന്നീട് വില്യംസണ് അവസരം ലഭിച്ചിരുന്നില്ല. രചിൻ, ഡാരിൽ എന്നിവർക്ക് സിഎസ്‌കെയിലും തിളങ്ങാനാവുന്നില്ല. രചിൻ തുടക്കത്തിൽ കത്തിക്കയറിയെങ്കിലും പിന്നീട് ഫോം നിലനിർത്താൻ സാധിച്ചില്ല. സാന്റ്‌നർക്ക് ഒരവസരവും ലഭിച്ചില്ല. ഗ്ലെൻ ഫിലിപ്‌സ് സൺറൈസേഴസ്് ഹൈദരാബാദിന് വേണ്ടിയും കളിക്കാൻ കഴിഞ്ഞിട്ടില്ല. ഫെർഗൂസണ് ആർസിബിയിലും അവസരം കുറവ്. രാജസ്ഥാൻ റോയൽസിന്റെ ട്രന്റ് ബോൾട്ടിന് മാത്രമാണ് സ്ഥിരം അവസരം ലഭിക്കുന്നത്.

അതേസമയം, 2022 ടി20 ലോകകപ്പ് കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റം മാത്രമാണ് ന്യൂസിലൻഡ് വരുത്തിയത്. മാർട്ടിൻ ഗപ്റ്റലിന് പകരം രചിനും ആഡം മിൽനേയ്ക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *