Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 201 റൺസിൻറെ വലിയ വിജയലക്ഷ്യം പിന്തുടരാനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു 200ന് മുകളിലുള്ളൊരു വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ട് 14 വർഷമായിരുന്നു. എന്നാൽ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി പവർ പ്ലേയിൽ തന്നെ മടങ്ങിയിട്ടും റോയലായി തന്നെ ആർസിബി 16 ഓവറിൽ ലക്ഷ്യത്തിലെത്തി. ചേസ് മാസ്റ്ററായ വിരാട് കോലി പ്രതീക്ഷയായി ക്രീസിൽ നിന്നപ്പോഴും പ്രതീക്ഷക്കപ്പുറത്തുള്ള പ്രകടനം പുറത്തെടുത്തത് മൂന്നാം നമ്പറിലിറങ്ങിയ വിൽ ജാക്സായിരുന്നു.

തുടക്കത്തിൽ സ്പിന്നർമാർക്കെതിരെ പതറിയ വിൽ ജാക്സ് റണ്ണടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ ആർസിബിയുടെ സ്കോറിംഗ് താഴാതെ നോക്കിയത് കോലിയായിരുന്നു. സ്പിന്നർമാർക്കെതിരെ പതറുന്നുവെന്ന പരാതിക്ക് നൂർ അഹമ്മദിനെ സ്വീപ് ചെയ്ത് സിക്സ് പറത്തി മറുപടി നൽകിയ കോലിയിൽ നിന്ന് ആവേശം ഉൾക്കൊണ്ട വിൽ ജാക്സ് കോലി 50 തികക്കുമ്പോൾ ആദ്യ 16 പന്തിൽ 16 റൺസ് മാത്രമായിരുന്നു നേടിയിരുന്നത്. നൂർ അഹമ്മദിനെതിരെ നേടിയ ഒരേയൊരു ബൗണ്ടറിയായിരുന്നു അപ്പോൾ ജാക്സിൻറെ അക്കൗണ്ടിലുണ്ടായിരുന്നുള്ളു.

പതിനൊന്നാം ഓവറിൽ മോഹിത് ശർമ പന്തെറിയാനെത്തിയതോടെയാണ് വിൽ ജാക്സ് ടോപ് ഗിയറിലായത്. മോഹിത്തിനിതിരെ സിക്സും ഫോറും പറത്തിയ വിൽ ജാക്സ് 12-ാം ഓവർ പൂർത്തിയാവുമ്പോൾ നേടിയത് 22 പന്തിൽ 29 റൺസ്. പിതമൂന്നാം ഓവറിൽ സായ് കിഷോറിനെ സിക്സിന് പറത്തിയ ജാക്സ് പതിനാലാം ഓവറിൽ നൂർ അഹമ്മദിനെ സിക്സിനും ഫോറിനും പറത്തി അർധസെഞ്ചുറിക്ക് അരികിലെത്തി. ഈ സമയം ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ആറോവറിൽ 52 റൺസ്.

പതിനഞ്ചാം ഓവർ എറിയാനെത്തിയ മോഹിത് ശർമയുടെ ആദ്യ പന്ത് ബൗണ്ടറിയും അടുത്ത പന്ത് സിക്സും പറത്തിയ വിൽ ജാക്സ് 31 പന്തിൽ അർധസെഞ്ചുറി തികച്ചു. തീർന്നില്ല വെടിക്കെട്ടിന് മുമ്പുള്ള സാംപിൾ മാത്രമായിരുന്നു അത്. നോ ബോളായ അടുത്ത പന്തും സിക്സിന് പറത്തിയ ജാക്സ് നാലാം പന്തിൽ വീണ്ടും സിക്സും അഞ്ചാം പന്തിൽ ബൗണ്ടറിയും നേടി. ഇതോടെ 31 പന്തിൽ അർധസെഞ്ചുറി തികച്ച ജാക്സ് മോഹിത്തിൻറെ ഓവറിൽ 29 റൺസടിച്ച് 36 പന്തിൽ 72ൽ എത്തി.

ഇതോടെ തൻറെ അവസാന ആശ്രയമായ റാഷിദ് ഖാനെ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ പന്തേൽപ്പിച്ചു. ആദ്യ പന്തിൽ കോലി സിംഗിളെടുത്തു. അടുത്ത രണ്ട് പന്തും സിക്സിന് പറത്തിയ ജാക്സ് നാലാം പന്തിൽ ബൗണ്ടറി നേടി. അഞ്ചാം പന്തും ആറാം പന്തും സിക്സിന് പറത്തി സെഞ്ചുറിയും ആർസിബിയുടെ അവിശ്വസനീയ വിജയവും ജാക്സ് പൂർത്തിയാക്കുമ്പോൾ ജാക്സ് 41 പന്തിൽ സെഞ്ചുറിയിലെത്തിയിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ റാഷിദിനെ നിലംതൊടാതെ പറത്തിയ ജാക്സിൻറെ പവർ അടികണ്ട് വിരാട് കോലിപോലും അന്തംവിട്ട് അവിശ്വസനീയതയോടെ തലയിൽ കൈവെച്ചുപോയി. കൃത്യമായി പറഞ്ഞാൽ 6.42ന് കോലി വിൽ ജാക്സിൻറെ അർധസെഞ്ചുറി ആഘോഷിച്ചു. സെഞ്ചുറി ആഘോഷിച്ചത് ആറ് മിനിറ്റിനുശേഷം 6.48നും.

Leave a Reply

Your email address will not be published. Required fields are marked *