Your Image Description Your Image Description
Your Image Alt Text

 

മുംബൈ: ടി20 ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാനുള്ള സെലക്ടർമാരുടെ നിർണായക യോഗം ഇന്ന് നടക്കാനിരിക്കെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുൻ താരം വസീം ജാഫർ. ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിനും ലഖ്നൗ സൂപ്പർ ജയൻറ്സ് നായകൻ കെ എൽ രാഹുലിനും ജാഫർ തെരഞ്ഞെടുത്ത ലോകകപ്പ് ടീമിൽ ഇടമില്ല.

അതേസമയം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ഡൽഹി ക്യാപിറ്റൽസ് നായകനായ റിഷഭ് പന്തും വിക്കറ്റ് കീപ്പർമാരായി ജാഫറിൻറെ ലോകകപ്പ് ടീമിലിടം നേടി. ഇന്നലെ ലഖ്നൗ സൂപ്പർ ജയൻറ്സിനെതിരെ തകർപ്പൻ അർധസെ‍ഞ്ചുറിയുമായി ഐപിഎൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന സഞ്ജുവിൻറെ പ്രകടനം ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോൾ സെലക്ടർമാരെ സ്വാധീനിക്കുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്.

രോഹിത് ശർമയും യശസ്വി ജയ്സ്വാളുമാണ് ജാഫർ തെരഞ്ഞടുത്ത ടീമിലെ ഓപ്പണർമാർ. വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ, ചെന്നൈയുടെ വെടിക്കെട്ട് ബാറ്റർ ശിവം ദുബെ, കൊൽക്കത്ത താരം റിങ്കു സിംഗ് എന്നിവരാണ് ബാറ്റർമാരായി ജാഫർ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

സ്പിൻ ഓൾ റൗണ്ടറായി രവീന്ദ്ര ജഡേജയും ജാഫറിൻറെ ടീമിലുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ജാഫർ തെരഞ്ഞെടുത്ത ടീമിലുള്ളത്. പേസർമാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ജാഫറിൻറെ ടീമിലുള്ളത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടർമാർ ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. മെയ് ഒന്നിന് മുമ്പാണ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ടത്. മെയ് 25വരെ ടീമിൽ മാറ്റം വരുത്താൻ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *