Your Image Description Your Image Description

കൊൽക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനോട് ഏറ്റുമുട്ടി. മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിച്ചു.

മികച്ച പ്രതിരോധവും ആക്രമണ പ്രത്യാക്രമങ്ങളും തന്ത്രങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞപ്പോൾ ലഭിച്ചത് മറ്റൊരു ക്ലീൻ ഷീറ്റ് ജയം. ആദ്യ പകുതിയിലെ ഒൻപതാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. പെപ്രയുടെ വലം കാൽ ഷോട്ട് മോഹൻ ബഗാൻ ഗോൾ കീപ്പർ തടഞ്ഞു. തിരികെ വന്ന പന്ത് ഒരു ഇടം കാൽ ഷോട്ടിൽ ദിമിത്രിയോസ് ഡയമെന്റ്‌കോസ് വലയിലെത്തിച്ചു. ഇത് പത്താം സീസണിലെ ദിമിത്രിയോസിന്റെ ഏഴാം ഗോളാണ്. സീസണിലെ ഏറ്റവും ഉയർന്ന ഗോൾ നേട്ടമാണിത്. ആദ്യ ഗോൾ പിറന്നതോടെ മത്സരത്തിന് ചൂടുപിടിച്ചു.

മുപ്പത്തിനാലാം മിനിറ്റിൽ പെപ്രയുടെ ഗോൾ ശ്രമം ഗോൾ കീപ്പർ വിശാൽ കൈത്ത് പിടിച്ചടക്കി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ രാഹുലിന്റെ മറ്റൊരു ശ്രമം മോഹൻ ബഗാൻ പോസ്റ്റിനടുത്തുകൂടി പുറത്തേക്ക് തെറിച്ചു. ആദ്യ പകുതിൽ ഒരു ഷോട്ട് പോലും എടുക്കാനാകാത്ത തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ നിര മോഹൻ ബഗാനെ പിടിച്ചുകെട്ടി. ആദ്യ പകുതി അവസാനിക്കുമ്പോൾ മറ്റൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ മോഹൻ ബഗാനു വേണ്ടി കിയാൻ നസീറിയും സുഭാശിഷ് ബോസും ഗോൾ നേടാനായി ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അൻപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് അയ്മന്റെ പാസെടുത്ത റാഹിലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. അറുപത്തിമൂന്നാം മിനിറ്റിൽ മോഹൻ ബഗാൻ താരം കിയാൻ നസീറിയുടെ ഷോട്ട് ബോക്സിനുള്ളിൽ ലെസ്‌കോവിച്ച് തട്ടിയകറ്റി.

എൺപത്തിരണ്ടാം മിനിറ്റിൽ മൻവീർ സിംഗിന്റെ മുന്നേറ്റം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മീലൊസ് ഡ്രിൻകിച്ച് തടഞ്ഞു. ഇഞ്ചുറി ടൈമിൽ രാഹുലിന്റെ പാസിൽ ഡെയ്സുകെ സകായിയുടെ ഷോട്ട് വിശാൽ കൈത്ത് സമയോചിതമായി പ്രതിരോധിച്ചു. സമനില ഗോളിനായി മോഹൻ ബഗാനും ലീഡ് ഉയർത്താനായി കേരളാ ബ്ലാസ്റ്റേഴ്സും പരമാവധി ശ്രമിച്ചെങ്കിലും രണ്ടാം ഗോൾ പിറന്നില്ല. ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. വിജയത്തിലൂടെ മൂന്നു പോയിന്റ് നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് പന്ത്രണ്ടു മത്സരങ്ങളിൽ നിന്ന് ഇരുപത്തിയാറു പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തേക്കുയർന്നു. ലീഗിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ പന്ത്രണ്ടു മത്സരങ്ങളിൽ എട്ടു ജയവും രണ്ടു സമനിലയും രണ്ടു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

ഈ തോൽവിയുൾപ്പെടെ തുടർച്ചയായി മൂന്നാം തോൽവി വഴങ്ങിയ മോഹൻ ബഗാൻ സൂപ്പ് ജയ്ന്റ്സ് പത്തു മത്സരങ്ങളിൽ നിന്ന് പത്തൊൻപത് പോയിന്റുമായി ആറാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *