Your Image Description Your Image Description
Your Image Alt Text

 

ഇന്ത്യന്‍ റെയില്‍വേയിലെ യാത്രക്കാരുടെ ദുരിതത്തിന് അന്ത്യമില്ല. കഴിഞ്ഞ ദിവസം ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന്‍ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. ബനാറസ് പാട്ന റൂട്ടിലോടുന്ന 15125 നമ്പര്‍ ട്രെയിലെ എസിയില്‍ നിന്നുള്ള വീഡിയോയിരുന്നു ശുഭേന്ദു റായ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചത്. സുരക്ഷിതത്വത്തോടെ യാത്ര ചെയ്യാനായി എസി ടിക്കറ്റ് എടുത്തിട്ടും സുരക്ഷിതത്വമില്ലാത്ത യാത്രയെ കുറിച്ചായിരുന്നു ഇത്തവണത്തെ കുറിപ്പ്. ഒറ്റ ദിവസം കൊണ്ട് വീഡിയോ രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു.

വീഡിയോ പങ്കുവച്ച് കൊണ്ട് ശുഭേന്ദു റായ് ഇങ്ങനെ കുറിച്ചു, ‘യാത്രയ്ക്കിടെയുണ്ടാകുന്ന അസൌകര്യങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ എസി കോച്ചുകളില്‍ നേരത്തെ റിസര്‍വ് ചെയ്യുന്നു. സുരക്ഷിതമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് അല്പം അന്തസും ബഹുമാനവും ഉണ്ടായിരിക്കണം.’ അദ്ദേഹം പങ്കുവച്ച് വീഡിയോയില്‍ എസി കോച്ചിനകത്തും ആളുകള്‍ നിന്ന് യാത്ര ചെയ്യുന്നത് കാണാം. പ്രായമായ ചിലര്‍ തിരക്കിനിടയില്‍ മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു.

https://x.com/greatshubhendu/status/1783344141444796861

ബക്സർ, ഡംറോൺ തുടങ്ങിയ സ്റ്റേഷനുകളിൽ റിസർവേഷൻ ഇല്ലാത്ത യാത്രക്കാർ എസി കോച്ചുകളില്‍ കയറുന്നതിനെ കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, കുടുംബത്തോടൊപ്പം കാശ് കൊടുത്ത്, മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ വലിയ അസൌകര്യം സൃഷ്ടിക്കുന്നെന്നും എഴുതി. ചില കാഴ്ചക്കാര്‍ തികച്ചും മോശമായ കാര്യമാണെന്ന് കുറിച്ചു. മറ്റ് ചിലര്‍ ഇത് ഇവിടെ സ്ഥിരമായ കാര്യമാണെന്നും വല്ലപ്പോഴും യാത്ര ചെയ്യുന്നത് കൊണ്ടാണ് ഒരു ബുദ്ധിമുട്ടായി തോന്നുന്നതെന്നും എഴുതി. ട്രെയിലില്‍ ടിക്കറ്റില്ലാതെ കയറുന്നതില്‍ ആളുകള്‍ക്ക് ഭയമില്ലെന്ന് മറ്റ് ചിലരെഴുതി. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇപ്പോള്‍ വന്ദേഭാരതും ബുള്ളറ്റ് ട്രെയിനും മതിയെന്നും മറ്റ് ട്രെയിനുകളെല്ലാം ബാധ്യതയാണെന്നുമായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. പതിവ് പോലെ ക്ഷമാപണവുമായി എത്തിയ റെയില്‍വേ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ശുഭേന്ദു റായിയോട് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *