Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: ഐപിഎല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ തകർത്ത് പ്ലേ ഓഫിന് ഒരുപടി കൂടി അടുത്തെത്തിയപ്പോൾ സെഞ്ചുറിയുമായി താരമായത് ഓപ്പണർ യശസ്വി ജയ്സ്വാളായിരുന്നു. എന്നാൽ 200 കടക്കുമെന്ന് കരുതിയ മുംബൈ ഇന്ത്യൻസിനെ 179 റൺസിൽ പിടിച്ചു കെട്ടിയത് സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. മുംബൈ ഇന്നിംഗ്സിലെ അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ട സന്ദീപ് മത്സരത്തിലാകെ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്.

യശസ്വി സെഞ്ചുറി അടിച്ചെങ്കിലും കളിയിലെ താരമായതും സന്ദീപ് ശർമയായിരുന്നു. പരിക്കിൻറെ ഇടവേളക്ക് ശേഷമാണ് സന്ദീപ് രാജസ്ഥാൻറെ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയത്. ടീമിൽ തിരിച്ചെത്തിയ മത്സരത്തിൽ തന്നെ കളിയിലെ താരമാകാനും സന്ദീപിനായി. എന്നാൽ കരിയറിൽ പലപ്പോഴും തനിക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയിട്ടില്ലെന്ന് സന്ദീപ് ശർമ പറഞ്ഞു.

കരിയറിൽ പലപ്പോഴും എനിക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അത് കുഴപ്പമില്ല, ഞാൻ 23-24കാരനൊന്നുമല്ല, ഈ ഐപിഎൽ കഴിയുമ്പോൾ എനിക്ക് 31 വയസാവും, ചില കാര്യങ്ങൾ നമ്മളുടെ കൈയിലല്ലോ എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് പറഞ്ഞത്.

മുംബൈക്കതിരായ മത്സരത്തിൽ മികവ് കാട്ടാനായതിൽ സന്തോഷമുണ്ടെന്നും പിച്ചിൽ നിന്ന് നേരിയ ആനുകൂല്യം കിട്ടിയെന്നും സന്ദീപ് പറഞ്ഞു. രണ്ട് വർഷം മുമ്പ് ഐപിഎൽ ലേലത്തിൽ എന്നെ ആരും ടീമിലെടുത്തിരുന്നില്ല.കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൽ പകരക്കാരനായാണ് ഞാൻ ടീമിലെത്തിയത്. അതുകൊണ്ട് തന്നെ ഓരോ മത്സരവും ഞാൻ ആസ്വദിച്ചാണ് കളിക്കുന്നത്-സന്ദീപ് വ്യക്തമാക്കി. പരിക്ക് മൂലം സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് സന്ദീപ് രാജസ്ഥാനുവേണ്ടി കളിച്ചത്. ആറ് വിക്കറ്റാണ് സന്ദീപ് ഈ സീസണിൽ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *