Your Image Description Your Image Description
Your Image Alt Text

 

മുംബൈ: വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു. സാധനങ്ങൾക്കൊപ്പം ഇയാൾ കൊണ്ടുപോയിരുന്ന ന്യൂഡിൽസ് പാക്കറ്റിലായിരുന്നു അധികൃതർക്ക് സംശയം. പാക്കറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോൾ സംശയം ശരിയായി. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഡയമണ്ടുകളാണ് ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്.

മുംബൈ വിമാനത്താവളത്തിലായിരുന്നു കോടികൾ വിലമതിക്കുന്ന ഈ ഡയമണ്ട് വേട്ട. ഇതിന് പുറമെ ഏതാനും യാത്രക്കാർ ബാഗിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചിരുന്ന സ്വർണവും പിടികൂടി. വിപണിയിൽ 4.44 കോടി വിലമതിക്കുന്ന 6.8 കിലോഗ്രാം സ്വർണമാണ് ഇങ്ങനെ കിട്ടിയത്. എല്ലാം കൂടി 6.46 കോടി രൂപ വിലവരുന്ന സാധനങ്ങൾ ഇക്കഴി‌ഞ്ഞ വാരാന്ത്യത്തിൽ മാത്രം ഇങ്ങനെ പിടിച്ചെടുത്തതായി കസ്റ്റംസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

മുംബൈയിൽ നിന്ന് ബാങ്കോങ്കിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെയാണ് സംശയം തോന്നി കസ്റ്റംസ് നിരീക്ഷിച്ചത്. ഇയാളുടെ ലഗേജിലുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്ന് ന്യൂഡിൽസ് പാക്കറ്റ് കണ്ടെടുത്തു. ഇത് തുറന്ന് പരിശോധിച്ചപ്പോൾ അതിനുള്ളിലായിരുന്നു ഡയമണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചത്. യാത്രക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തു.

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു വിദേശിയിൽ നിന്നാണ് സ്വർണ ബാറുകളും മറ്റ് രൂപത്തിലുള്ള സ്വർണവും പിടിച്ചെടുത്തത്. ഇവയ്ക്ക് 321 ഗ്രാം തൂക്കമുണ്ടായിരുന്നു. അടിവസ്ത്രത്തിനുള്ളിൽ വെച്ചാണ് ഇയാൾ സ്വർണം പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇതിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരികയായിരുന്ന പത്ത് ഇന്ത്യൻ പൗരന്മാരെയും സ്വർണവുമായി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.

ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് പേർ വീതവും ബഹ്റൈൻ, ദോഹ, റിയാദ്. മസ്കത്ത്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തരെയുമാണ് സ്വർണവുമായി പിടികൂടിയത്. 4.04 കോടി രൂപ വിലവരുത്ത ആകെ 6.199 കിലോഗ്രാം സ്വർണം ഇങ്ങനെ പിടിച്ചെടുത്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചും ലഗേജിനുള്ളിൽ വെച്ചുമൊക്കെയാണ് ആളുകൾ ഇത്രയും സ്വർണം കൊണ്ടുവന്നതെന്നും കസ്റ്റംസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *