Your Image Description Your Image Description
Your Image Alt Text

 

സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നതില്‍ ആശങ്കയുമായി കെ.എസ്.ഇ.ബി. വൈദ്യുതിലഭ്യത കുറവുള്ള സമയമായതിനാല്‍ ഉപയോഗം സംബന്ധിച്ച് ബോധവത്കരണവുമായി ഇറങ്ങിയിരിക്കുകയാണ് അധികൃതര്‍. സംസ്ഥാനത്ത് 2023-ല്‍ 75,790 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2024-ല്‍ ഇതുവരെയുള്ള കണക്കുപ്രകാരം 26,855 വാഹനങ്ങളും.

2020-നു ശേഷമാണ് ഇവിടെ വൈദ്യുതവാഹനവിപണിയില്‍ കുതിപ്പുണ്ടായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020-ല്‍ രജിസ്റ്റര്‍ചെയ്തത് കേവലം 1,366 വാഹനങ്ങളായിരുന്നു. 2021-ല്‍ 8,734 ആയി. 2022-ല്‍ കുത്തനെ ഉയര്‍ന്ന് 39,618-ല്‍ എത്തി. തൊട്ടടുത്തവര്‍ഷമായപ്പോഴേക്കും ഏതാണ്ട് ഇരട്ടിയായി.

മലിനീകരണം കുറയ്ക്കുമെന്ന ഗുണവശമുള്ളപ്പോള്‍ത്തന്നെ പൊതു വൈദ്യുതോപയോഗം കൂടുന്നതാണ് വെല്ലുവിളി. ഇത്തരം വാഹനങ്ങള്‍ ക്രമാതീതമായി കൂടുന്നത് പ്രതിസന്ധിയിലാക്കുന്നത് കെ.എസ്.ഇ.ബി.യെയാണ്. വേനല്‍ക്കാലം കൂടിയാകുമ്പോള്‍ ബുദ്ധിമുട്ട് ഇരട്ടിക്കും.

വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങള്‍ രാത്രി ചാര്‍ജ് ചെയ്യുന്നതുമൂലം ട്രാന്‍സ്‌ഫോര്‍മറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. പറയുന്നു. ഏറ്റവുമധികം ഉപയോഗിക്കുന്ന സമയമായതാണു കാരണം. ഓരോ വാഹനത്തിന്റെയും ബാറ്ററിശേഷി വ്യത്യാസപ്പെട്ടിരിക്കും. 18 കിലോവാട്ട് ശേഷിയുള്ള വാഹനം 100 ശതമാനം ചാര്‍ജാകാന്‍ 18 യൂണിറ്റ് വൈദ്യുതി വേണം. 24 കിലോവാട്ട് വാഹനത്തിന് 24 യൂണിറ്റും.

പ്രതിസന്ധി രൂക്ഷമായതോടെ ചാര്‍ജിങ് രാത്രി 12-നു ശേഷമോ പകലോ ആക്കുന്നത് ഉചിതമായിരിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. ഇത് ബാറ്ററിയുടെ ഈടുനില്‍പ്പിനും നല്ലതാണ്. വൈദ്യുതിയുപയോഗം പ്രതിദിനം ഒരുകോടി യൂണിറ്റും കടന്ന് കുതിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിച്ചാലേ ഇതില്‍ കുറവു വരൂ.

Leave a Reply

Your email address will not be published. Required fields are marked *