Your Image Description Your Image Description
Your Image Alt Text

 

ന്യൂയോർക്ക്: ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാട് നടത്താൻ അമേരിക്ക. ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവയുൾപ്പെടെയാണ് നൽകുന്നത്. ഇറാനുമായുള്ള സംഘർഷ സാധ്യത കൂടി പരിഗണിച്ചാണ് നടപടി.

ബൈഡൻ ഭരണകൂടം നിർദേശിച്ച കരാറിൽ 700 മില്യൺ ഡോളറിന്റെ 120 എം.എം ടാങ്ക് വെടിമരുന്ന്, 500 മില്യൺ ഡോളറിന്റെ യുദ്ധ വാഹനങ്ങൾ, 100 ​​മില്യൺ ഡോളറിന്റെ 120 എം.എം മോർട്ടാർ റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇത് ഹമാസിൻ്റെ ഒക്‌ടോബർ 7-ലെ ആക്രമണത്തിന് ശേഷം ഇസ്രായേലുമായുള്ള ഏറ്റവും വലിയ ആയുധ വിൽപ്പനയാകും.

അതേസമയം, ഇത്രയുമധികം ആയുധങ്ങൾ നൽകാൻ മാസങ്ങൾ പിടിക്കുമെന്നാണ് വിവരം. കൂടാതെ യു.എസ് കോൺഗ്രസിന്റെ അനുമതിയും ആവശ്യമാണ്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടുക്കുരുതിയെ സഹായിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെതിരെ വലിയ വിമർശനമാണ് ലോകമെമ്പാടും ഉയരുന്നത്. ഇതിനിടയിലാണ് വീണ്ടും ആയുധങ്ങൾ കൈമാറാൻ ശ്രമിക്കുന്നത്.

ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയിൽ ഗസ്സയിൽ ഇതുവരെ 34,000ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിലധികവും കുട്ടികളും സ്ത്രീകളുമാണ്.

ഇസ്രയേലുമായുള്ള ആയുധ വിൽപ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം അര ഡസൻ ഡെമോക്രാറ്റിക് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചിരുന്നു. അമേരിക്കയുടെ സഹായ വിതരണം തടസ്സപ്പെടുത്തുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നത് 1961ലെ നിയമത്തിന്റെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *