Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പ്രതികരണം ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വോട്ടർമാർക്കും നരേന്ദ്രമോദി എക്സിലൂടെ നന്ദി അറിയിച്ചു. എൻഡിഎക്ക് അനുകൂലമാകും വിധിയെഴുത്ത് എന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചനയെന്നും മോദി പ്രതികരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ പോളിംഗ് 60 ശതമാനം കടന്നു. ഹിന്ദിഹൃദയ ഭൂമിയിലും പശ്ചിമ ബംഗാളടക്കമുള്ള സംസ്ഥാനങ്ങളിലും പോളിഗ് ശതമാനം 60 കടന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനത്തെ തുടര്‍ന്ന് മണിപ്പൂരിലെ കുക്കി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. മോദിയുടെ ഗ്യാരണ്ടി മണ്ഡലങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ താഴേ തട്ടിലേക്ക് വികസന പദ്ധതികള്‍ എത്തിയില്ലെന്ന പരാതിയും വോട്ടര്‍മാര്‍ ഉന്നയിക്കുന്നു.

ആകെ 102 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 1656 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്ത്. ഒന്നാം ഘട്ടത്തില്‍ നഗര കേന്ദ്രീകൃത മണ്ഡലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വോട്ടര്‍മാരുടെ നല്ല പ്രതികരണം കണ്ടു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂരടക്കമുള്ള മണ്ഡലങ്ങളില്‍ ഉച്ചയോടെ തന്നെ പോളിംഗ് ശതമാനം 50 കടന്നിരുന്നു. പരിശോധന നടപടികള്‍ വൈകിപ്പിച്ച് വോട്ടിംഗ് മന്ദഗതിയിലാക്കുന്നുവെന്ന ആക്ഷേപം യുപിയില്‍ സമാജ് വാദി പാര്‍ട്ടി ഉന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. സുരക്ഷ വിലയിരുത്തലിനെ തുടര്‍ന്ന് മണിപ്പൂരിലെ വോട്ടിംഗ് നാല് മണിയോടെ അവസാനിപ്പിച്ചു. വോട്ട് ചെയ്യരുതെന്ന ആഹ്വാനം കുക്കി മേഖലകളില്‍ കഴിഞ്ഞ ദിവസം നേതൃത്വം നല്‍കിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ചര്‍ച്ചയായ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം വേണമെന്ന് അഭിപ്രായം പ്രകടിപ്പിച്ച വോട്ടര്‍മാരും നിരവധിയായിരുന്നു.

കഴിഞ്ഞ തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 51 സീറ്റുകള്‍ നേടിയ എന്‍ഡിഎക്കായിരുന്നു മേല്‍ക്കൈ. 48 സീറ്റ് നേടി പ്രതിപക്ഷം പിന്നിലുണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഇക്കുറി മാറിയ സാഹചര്യം മുന്‍കണക്കുകളെ മറികടക്കുമെന്ന പ്രതീക്ഷ ഇന്ത്യ സഖ്യത്തിനുണ്ട്. ആദ്യഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെങ്കിലും ഫലം മാറിയേക്കാമെന്ന വിലയിരുത്തലുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *