Your Image Description Your Image Description

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ മുരളീധരൻ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ 20 സീറ്റിലും യുഡിഎഫിനായിരിക്കും വിജയമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മോദി വീണ്ടും വരാനുള്ള സാധ്യതയില്ലെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു മോദി തരംഗവും ഇന്ത്യയിലില്ല. 2004ൽ ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണമുണ്ടായിട്ടും യുപിഎയാണ് അധികാരത്തിലെത്തിയത്. സമാനമാണ് കാര്യങ്ങൾ. ബിജെപി ഒരു വർഗീയ പാർട്ടിയാണന്നു ജനങ്ങൾക്കറിയാം. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും കോൺഗ്രസിന് അനുകൂലമായ സാഹചര്യം തെളിഞ്ഞുവരികയാണ്. പലയിടത്തും നല്ല സീറ്റുകൾ ലഭിക്കും. മോദി എത്ര തവണ കേരളത്തിൽ വരുന്നുവോ അത്രയും കോൺഗ്രസിന് വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മാത്രമാണ് ബിജെപിക്കെതിരായ മതേതര ശക്തി. കേരളത്തിൽ മാത്രമുള്ള എൽഡിഎഫിനു വോട്ട് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങൾക്കറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരേപോലെ വർഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മതവിഭാഗങ്ങളെ കൂട്ടുപിടിക്കാനാണവർ ശ്രമിക്കുന്നത്. എസ്ഡിപിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ല. അവരുടെ വോട്ടും വേണ്ട എന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്നാൽ പിഡിപിയുടെ പിന്തുണ വേണ്ടെന്നു ഇതുവരെയും സിപിഎം പറഞ്ഞിട്ടില്ല. കേരളത്തിലെ സർക്കാരിനെ വിലയിരുത്തുന്നവർ എൽ.ഡി.എഫിനു വോട്ട് ചെയ്യില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല, പെൻഷനില്ല. 52 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ പോലുമില്ല. യാതൊരു വികസനപ്രവർത്തനവും നടക്കുന്നില്ല. എൽ.ഡി.എഫ്. സർക്കാർ തികഞ്ഞ പരാജയമാണ്. അതുകൊണ്ട് ഭരണനേട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. രാഹുൽ ഗാന്ധിയെ വിമർശിക്കാനേ അദ്ദേഹത്തിനു നേരമുള്ളൂ. എന്നാൽ മോദിയുടെ പേരു പറഞ്ഞ് ഒരു വിർശനം പോലുമില്ല. രാഹുൽഗാന്ധി ഇന്ത്യാമുന്നണിയുടെ മുഖമാണ്. രാഹുലിനെ വിമർശിക്കുന്നതുവഴി മോദിയെ തൃപ്തിപ്പെടുത്താനാണ് ശ്രമം.

സിപിഎം.-ബിജെപി അന്തർധാരയുടെ പ്രതിഫലനമാണിത്. കരുവന്നൂരിൽ അന്വേഷണം നടത്തും. അറസ്റ്റുണ്ടാവില്ല. ഒരു നടപടിയുമുണ്ടാവില്ല. മേയറുടെ പ്രസ്താവനയും അന്തർധാര ഉണ്ടെന്നാണ് ഉറപ്പിക്കുന്നത്. നരേന്ദ്ര മോദി പറയുന്നതാണ് പിണറായി ആവർത്തിക്കുന്നത്. അവരുടെ മുഖ്യശത്രു കോൺഗ്രസാണ്. വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണരീതിയാണെന്ന് കൊടികൾ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. പ്രതാപൻ നേരത്തെ തന്നെ സ്ഥാനാർഥിയാവാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നതാണെന്നും പ്രത്യേക സാഹചര്യത്തിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുരളീധരനെ തൃശൂരിൽ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചാളുകൾ ബിജെപിയിൽ പോയതുകൊണ്ടൊന്നും കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു തൃശൂരിൽ ഏതാനും പേർ ബിജെപിയിൽ ചേർന്നതിനെക്കുറിച്ചുള്ള ചെന്നിത്തലയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *