Your Image Description Your Image Description

ഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. അതിൽ കൂടുതലായി കാണുന്നതാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ. കേരളത്തിലുൾപ്പെടെ ഇവിഎമ്മുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ ഉണ്ടാവുകയും പൊലീസ് നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിഎമ്മിനെതിരെയുള്ള വ്യാപക പ്രചാരണമാണ് ഇവിഎം ഹാക്ക് ചെയ്യപ്പെടുമെന്നത്. ഇതിനെതിരെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഇതൊരു തെറ്റായ പ്രചാരണമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇവിഎം ഹാക്ക് ചെയ്യപ്പെടുമെന്ന് ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോക്ക് മറുപടിയുമായാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്തെത്തിയത്. ഇവിഎം ഹാക്ക് ചെയ്യപ്പെടില്ല. വീഡിയോയിലുള്ള ഇവിഎം പോളിംഗ് ബോഡിയുടേതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് തീർത്തും തെറ്റായ കാര്യമാണ്. വീഡിയോയിലുള്ള ഇവിഎം ഇസിഐ ഇവിഎമ്മുകളല്ല. വീഡിയോയിലെ ഇവിഎം വ്യാജമാണ്. ഇസിഐ ഇവിഎം ഹാക്ക് ചെയ്യാനോ കൃത്രിമം കാണിക്കാനോ കഴിയില്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതാദ്യമായല്ല ഇവിഎമ്മിന് നേരെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ഉയരുന്നത്. ഇസി ഇവിഎമ്മുകൾ ഹാക്ക് പ്രൂഫ് ആണെന്നും കമ്മീഷൻ പ്രതികരിച്ചു. ഇവിഎമ്മുകൾക്ക് സുരക്ഷിതമായ കൺട്രോളറുകൾ ഉണ്ട്. അത് ഒറ്റത്തവണ പ്രോഗ്രാമിംഗ് മാത്രമേ ഉണ്ടാവൂ. ഇത് തുടർന്നുള്ള പ്രോഗ്രാമിംഗിനെ തടയുന്നു. മൈക്രോ കൺട്രോളറുകളെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങൾ നിർമ്മാതാക്കളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തതായി കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *