Your Image Description Your Image Description
Your Image Alt Text

കൊൽക്കത്ത: ഐപിഎല്ലിൽ ഒരിക്കൽക്കൂടി മാസ്‌മരിക സ്പെല്ലുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾറൗണ്ടർ സുനിൽ നരെയ്‌ൻ. ഈഡൻ ഗാർഡൻസിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നാല് ഓവർ പന്തെറിഞ്ഞ നരെയ്‌ൻ 17 റൺസ് മാത്രം വിട്ടുകൊടുത്തപ്പോൾ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല എന്നതാണ് പ്രത്യേകത. ടി20 ഫോർമാറ്റിലാണ് ഒരു ഫോർ പോലും വിട്ടുകൊടുക്കാതെ നരെയ്‌ൻ നാലോവർ ക്വാട്ട പൂർത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം. വിക്കറ്റ് നേടാനായില്ലെങ്കിലും മധ്യ ഓവറുകളിൽ ലഖ്‌നൗവിൻറെ സ്കോറിംഗിന് തടയിടാൻ ഈ മികവ് കൊണ്ട് സുനിൽ നരെയ്‌നായി.

ഐപിഎല്ലിൽ എല്ലാക്കാലത്തും ഏറ്റവും മികച്ച ഇക്കണോമിയിൽ പന്തെറിയുന്ന ബൗളർമാരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള സുനിൽ നരെയ്‌ൻ. ലീഗിൽ ഒരു സീസണിലും നരെയ്‌ൻറെ ഇക്കോണമി എട്ടിനപ്പുറം കടന്നിട്ടില്ല. 2012ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സുനിൽ നരെയ്‌ൻറെ ഇതുവരെയുള്ള ഇക്കോണമി 6.73 ആണ്. 2024 സീസണിൽ 6.75 ഇക്കോണമിയിലാണ് നരെയ്‌ൻ പന്തെറിയുന്നത്. ഐപിഎല്ലിലെ 167 മത്സരങ്ങളിൽ 168 വിക്കറ്റുകൾ വീഴ്ത്തിയതും നരെയ്‌ൻ നേട്ടമാണ്. 19 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ സീസണിൽ അഞ്ച് കളിയിൽ അഞ്ച് വിക്കറ്റ് നരെയ്‌ൻ നേടി. കരിയറിലാകെ 162.60 സ്ട്രൈക്ക് റേറ്റിൽ 1213 റൺസും സുനിൽ നരെയ്‌ന് ഐപിഎല്ലിലുണ്ട്.

ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് വിക്കറ്റിൻറെ ആധികാരിക ജയം സ്വന്തമാക്കി. ലഖ്‌നൗവിൻറെ 161 റൺസ് വെറും 15.4 ഓവറിൽ രണ്ട് മാത്രം വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. ഓപ്പണർ ഫിലിപ് സാൾട്ട് (47 പന്തിൽ 89*), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (30 പന്തിൽ 38*) എന്നിവരുടെ കരുത്തിലാണ് കെകെആർ സീസണിലെ നാലാം ജയം പേരിലാക്കിയത്. ബൗളിംഗിൽ 28 റൺസിന് മൂന്ന് വിക്കറ്റുമായി പേസർ മിച്ചൽ സ്റ്റാർക്കും കൊൽക്കത്തയ്ക്കായി മിന്നലായി. സെഞ്ചുറിയോളം പോന്ന ഇന്നിംഗ്‌സുമായി സാൾട്ട് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ബാറ്റിംഗിൽ നരെയ്‌ന് തിളങ്ങാനായില്ല. ആറ് പന്തിൽ ഒരു ഫോറോടെ 6 റൺസാണ് നരെയ്‌ൻ അടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *