Your Image Description Your Image Description
Your Image Alt Text

മൊഹാലി: ഐപിഎൽ 2024 സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് നാടകീയ ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 147 റൺസ് മാത്രം നേടിയപ്പോൾ റോയൽസിന് വിജയം 20 ഓവർ പൂർത്തിയാവാൻ ഒരു പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് നേടാനായത്. മൂന്ന് വിക്കറ്റ് ജയവുമായി പോയിൻറ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് ഒന്നാംസ്ഥാനം സുരക്ഷിതമാക്കിയെങ്കിലും മത്സരത്തിലാകെ നിലവാരത്തകർച്ച പ്രകടമായി എന്നാണ് ഓസ്ട്രേലിയൻ മുൻ താരം ടോം മൂഡിയുടെ നിരീക്ഷണം.

‘തന്ത്രപരമായി ഏറെ വീഴ്‌ചകളും അമ്പരപ്പിക്കുന്ന തീരുമാനങ്ങളും പ്രകടമായ മത്സരമായിരുന്നു പഞ്ചാബ് കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്നത്. ഇരു ടീമും ഈ പ്രശ്നങ്ങൾ നേരിട്ടു. മോശം നിലവാരത്തിലുള്ള മത്സരമായിരുന്നെങ്കിലും നല്ല ഫിനിഷിംഗ് കാണാനായി. എങ്കിലും കാണാൻ ആകർഷകമായ മത്സരമായിരുന്നില്ല ഇത്. ഒഴുക്കുള്ള കളിയായിരുന്നില്ല. 148 റൺസ് വിജയലക്ഷ്യം പിന്തുടർന്നുള്ള റോയൽസിൻറെ സമീപനവും ബാറ്റിംഗ് ക്രമവും ഞെട്ടിച്ചു’ എന്നുമാണ് ഇഎസ്‌പിഎൻ ക്രിക്‌ഇൻഫോയുടെ ഷോയിൽ ടോം മൂഡിയുടെ വാക്കുകൾ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെ നേടാനായുള്ളൂ. 16 പന്തിൽ 31 റൺസ് എടുത്ത ഇംപാക്‌ട് പ്ലെയർ അഷുതോഷ് ശർമ്മയായിരുന്നു ടോപ് സ്കോറർ. അനായാസം എത്തിപ്പിടിക്കേണ്ട 148 റൺസിലേക്ക് രാജസ്ഥാൻ പാടുപെട്ടു. ഇംപാക്ട് പ്ലെയറായ യശസ്വി ജയ്‌സ്വാളിനൊപ്പം അരങ്ങേറ്റക്കാരൻ തനുഷ് കോട്ടിയാനാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ഈ തീരുമാനം ഏവരേയും ഞെട്ടിച്ചു. കോട്ടിയാനും (31 പന്തിൽ 24), ജയ്‌സ്വാളും (28 പന്തിൽ 39) പുറത്തായ ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ 14 പന്തിൽ 18 റൺസുമായി അതിവേഗം മടങ്ങി. റിയാൻ പരാഗ് (18 പന്തിൽ 23), ധ്രുവ് ജൂറെൽ (11 പന്തിൽ 6), റോവ്‌മാൻ പവൽ (5 പന്തിൽ 11), കേശവ് മഹാരാജ് (2 പന്തിൽ 1) എന്നിവരും നിരാശപ്പെടുത്തിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.

എന്നാൽ അവസാന ഓവറുകളിലെ ഷിമ്രോൻ ഹെറ്റ്‌മെയർ വെടിക്കെട്ട് രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റിൻറെ ജയം സമ്മാനിച്ചു. 10 പന്തിൽ 27* റൺസുമായി പുറത്താവാതെ നിന്ന ഹെറ്റ്‌മെയർ അർഷ്‌ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സർ പറത്തിയാണ് റോയൽസിന് ത്രില്ലർ ജയമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *