Your Image Description Your Image Description

 

സെൻട്രൽ റെയിൽവേ 300 കോടി വരുമാനം നേടി എന്ന് കേൾക്കുമ്പോൾ യാത്രാക്കൂലി ഇനത്തിലോ, ചരക്ക് കടത്തിൽ നിന്നോ നേടിയതാകാം എന്ന് തെറ്റിദ്ധരിക്കേണ്ട. റെയിൽവേയുടെ പിഴ വരുമാനം മാത്രമാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ, സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ്, ലോക്കൽ ട്രെയിൻ സർവീസുകളിൽ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് 300 കോടി രൂപയാണ് നേടിയത്. 265 കോടി ലക്ഷ്യമിട്ട സ്ഥാനത്താണ് 300 കോടി രൂപ ലഭിച്ചിരിക്കുന്നത്. ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉൾപ്പെട്ട കേസുകളുടെ എണ്ണം 8.38 ശതമാനം വർധിച്ച് 42.63 ലക്ഷമായി.

ആറ് ഡിവിഷനുകളാണ് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലുള്ളത് . മുംബൈ ഡിവിഷനിലെ 20.56 ലക്ഷം കേസുകളിൽ നിന്ന് 115.29 കോടി രൂപ സമാഹരിച്ചു. 8.34 ലക്ഷം കേസുകളിൽ നിന്ന് 66.33 കോടി രൂപ നേടിയ ഭൂസാവൽ ഡിവിഷനാണ് തൊട്ടുപിന്നിൽ. നാഗ്പൂർ ഡിവിഷനിൽ 5.70 ലക്ഷം കേസുകളിൽ നിന്ന് 34.52 കോടിയും സോളാപൂർ ഡിവിഷനിൽ 5.44 ലക്ഷം കേസുകളിൽ നിന്ന് 34.74 കോടിയും ലഭിച്ചു. പൂനെ ഡിവിഷൻ 3.74 ലക്ഷം കേസുകളിൽ നിന്ന് 28.15 കോടി രൂപ നേടി. ഹെഡ്ക്വാർട്ടേഴ്‌സ് ഡിവിഷൻ 28.15 കോടി രൂപ സമാഹരിച്ചു

മുംബൈ ഡിവിഷനിലെ ടിക്കറ്റ് ഇൻസ്പെക്ടർമാരായ സുനിൽ നൈനാനി, എംഎം ഷിൻഡെ, ധർമേന്ദ്ര കുമാർ എന്നിവർ ഈ സാമ്പത്തിക വർഷം ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലേറെ വരുമാനം നേടി റെക്കോർഡ് സൃഷ്ടിച്ചു. മുംബൈ ഡിവിഷനിലെ മെയിൻലൈൻ ഫ്ലയിംഗ് സ്ക്വാഡിലെ അംഗമായ നൈനാനി ദീർഘദൂര, ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിക്കാൻ അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. 1.92 കോടി രൂപയാണ് പിഴയായി അദ്ദേഹം പിരിച്ചെടുത്തത്.

അടുത്ത വർഷം വിരമിക്കാനിരിക്കുന്ന നൈനാനി കഴിഞ്ഞ 30 വർഷമായി ടിക്കറ്റ് ചെക്കറായി ജോലി ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം തുടർച്ചയായി ഒരു കോടി രൂപയുടെ വരുമാനം നേടിവരികയാണ് . പിഴ ഓൺലൈൻ ആക്കിയതോടെയാണ് കൂടുതലായി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ എം.എം.ഷിൻഡെ 18,223 കേസുകളിൽ നിന്ന് 1.59 കോടിയും ട്രാവൽ ടിക്കറ്റ് ഇൻസ്പെക്ടർ ആയ ധർമേന്ദ്ര കുമാർ 17,641 കേസുകളിൽ നിന്ന് 1.52 കോടിയും പിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *