Your Image Description Your Image Description

 

തിരുവില്വാമല : ശ്മശാനത്തില്‍ നിന്നും സംസ്കരിച്ച മൃതദേഹവശിഷ്ടങ്ങിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് അമ്മയും മകനും. തൃശൂർ പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലാണ് സംഭവം. ശവസംസ്‌ക്കാരം കഴിഞ്ഞ ചിതയിലെ ചാരത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ അമ്മയും മകനുമാണ് പഴയന്നൂര്‍ പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി പുള്‍ഗാന്‍ കോട്ട സ്വദേശികളായ മല്ലിക ( 45) ഇവരുടെ മകന്‍ രേണുഗോപാല്‍ (25) എന്നിവരെ പഴയന്നൂര്‍ സി ഐ പി ടി ബിജോയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സംസ്കാര സമയത്ത് മൃതദേഹങ്ങളിൽ സ്വർണം നിക്ഷേപിക്കുന്ന ചടങ്ങ് ചില സമുദായങ്ങളിൽ ഉള്ളവർ പാലിക്കാറുണ്ട്. ഭർത്താവ് ജീവിച്ചിരിക്കേ ഭാര്യ മരിച്ചാൽ സംസ്കാര സമയത്ത് താലി മാല പലപ്പോഴും ഊരിയെടുക്കാറില്ല. ഈ സ്വർണം മോഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് മല്ലികയും രേണുഗോപാലും എത്തിയത്. മോഷണം പതിവായതോടെ ഐവർമഠം അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.മോഷണത്തിനെത്തിയ മല്ലികയേയും രേണുഗോപാലിനെയും ഐവർ മഠം ജീവനക്കാരാണ് പിടികൂടിയത്.

പൊലീസ് വാഹനം വരുന്നതു കണ്ട മോഷണ സംഘം ഓടി രക്ഷപ്പെടുന്നതിനിടെ ഐവര്‍മഠം ജീവനക്കാര്‍ ചേര്‍ന്നാണ് രണ്ടു പേരെയും പിടികൂടിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘങ്ങളില്‍ ചിലര്‍ പുഴയിലൂടെ ഓടി രക്ഷപ്പെട്ടു. ശവസംസ്‌കാരം കഴിഞ്ഞ് സഞ്ചയനത്തിന് മുമ്പ് ചിതയിലെ ചാരം വാരിയെടുത്ത് പുഴയില്‍ കൊണ്ടുപോയി വേര്‍തിരിച്ച് സ്വര്‍ണ്ണം എടുക്കുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികൾക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. സ്വർണ്ണം ഉള്ള ചിതയെക്കുറിച്ച് കൃത്യമായ വിവരം സംഘത്തിന് എങ്ങനെ ലഭിക്കുന്നു എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *