Your Image Description Your Image Description

 

കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

4 വര്‍ഷം മുമ്പാണ് ജോ ആന്റണിയില്‍ ട്യൂമര്‍ കണ്ട് തുടങ്ങിയത്. പിന്നീടത് കാന്‍സറെന്ന് കണ്ടെത്തി. കീമോതെറാപ്പി നല്‍കി വന്നു. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ എടുത്ത് കളയാന്‍ കഴിയാതെ വന്നു. ട്യൂമര്‍ പെട്ടെന്ന് വളര്‍ന്നതോടെ യുവാവിന് ബുദ്ധിമുട്ടായി. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നടക്കാന്‍ പ്രയാസമായി. കൈ അനക്കാന്‍ വയ്യ. ഇടയ്ക്കിടയ്ക്ക് ട്യൂമറില്‍ നിന്നും വെള്ളം കുത്തിയെടുക്കുമ്പോള്‍ ആശ്വാസം ലഭിച്ചിരുന്നു.

വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവരാരും ഏറ്റെടുത്തില്ല. അങ്ങനെയാണ് അവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നത്. ഡോ. ജയകുമാറിനെ കണ്ട് തങ്ങളുടെ മകന്റെ ദയനീയവസ്ഥ രക്ഷകര്‍ത്താക്കള്‍ വിവരിച്ചു. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്‌ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *