Your Image Description Your Image Description

 

കൊച്ചി : മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നാണ് മസാല ബോണ്ട് ഇടപാടിലെ ഇ .ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവേ ഹൈക്കോടതി ഇഡിയോട് നിർദ്ദേശിച്ചത്.

ഇഡി സമൻസിനെതിരായ ഹർജി അന്തിമ തീർപ്പിനായി മാറ്റിയപ്പോൾ വീണ്ടും ഇ ഡി സമൻസയച്ചുവെന്ന് ഐസക്ക് കോടതിയെ അറിയിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവിടാത്തതിനാൽ ഹാജരാകാൻ ഒരവസരം കൂടി നൽകാമെന്നും മസാലബോണ്ട് വഴി കൈപ്പറ്റിയ തുക എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സമൻസിലുണ്ടായിരുന്നത്. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു. കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങൾ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ട്. തോന്നിയത് പോലെ പണം എടുക്കുകയല്ല ചെയ്തത്. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കോടതിയിൽ കിഫ്ബി അറിയിച്ചു.

ഇതോടെയാണ് എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യേണ്ടതെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആർ. രവി ഇഡിയോട് നിർദ്ദേശിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *