Your Image Description Your Image Description

 

മലയാള സിനിമയ്ക്ക് ഇത് സുവർണ കാലഘട്ടമാണ്. ഇറങ്ങുന്ന എല്ലാ സിനിമകളും പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് ഓരോ നിമിഷവും കാണാൻ സാധിക്കുന്നത്. ഇതര ഭാഷാ പ്രേക്ഷകർ പോലും മലയാള സിനിമയെ വാനോളം പുകഴ്ത്തുകയാണ്. അതുകൊണ്ട് തന്നെ മോളിവുഡിലെ പുതിയ സിനികൾക്കായി മലയാളികളെ പോലും അവരും കാത്തിരിക്കുന്നുണ്ട്.

മോളിവുഡിൽ നിരവധി സിനിമകൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഉടൻ റിലീസിന് ഒരുങ്ങുന്ന മൂന്ന് സിനിമകളാണ് ഉള്ളത്. ആവേശം, ജയ്ഗണേഷ്, വർഷങ്ങൾക്കു ശേഷം എന്നിവയാണ് ആ സിനിമകൾ. ഒന്ന് മൾട്ടി സ്റ്റാർ ചിത്രമാണെങ്കിൽ മറ്റ് രണ്ടെണ്ണം മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ സിനിമയാണ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ സിനിമയാണ് ജയ്​ഗണേഷ്. രഞ്ജിത്ത് തന്നെ തിരക്കഥയും ഒരുക്കുന്ന സിനിമയിൽ ജോമോളും പ്രധാന വേഷത്തിൽ എത്തുന്നു. മഹിമ നമ്പ്യാരാണ് നായിക. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പടമാണ് ആവേശം. ഫഹദ് ഫാസിൽ നായികനായി എത്തുന്ന ചിത്രം ഒരുകൂട്ടം കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് പറയുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വർഷങ്ങൾക്കു ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒപ്പം അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമാണ്. ഈ മൂന്ന് സിനിമകളും വിഷു-പിറന്നാൾ റിലീസായി ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും.

നിലവിൽ വൻ ഹൈപ്പിൽ പോയ്ക്കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് മുതൽ കൂട്ടാകാൻ പോകുന്ന പടങ്ങളാണ് ഇവയെന്നാണ് വിലയിരുത്തലുകൾ. മൂന്നും ഏറെ പ്രതീക്ഷയുള്ള സിനിമകൾ ആയതിനാൽ ആദ്യദിനം ആദ്യ ഷോയ്ക്ക് ഏത് പടം കാണുമെന്ന കൺഫ്യൂഷൻ പ്രേക്ഷകരിലും പ്രകടമാണ്. വീണ്ടും 50, 100 കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് സമ്മാനിക്കാൻ ഈ സിനിമകൾ കഴിയുമെന്നാണ് ഇവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *