Your Image Description Your Image Description

ആടുജീവിതം എന്ന ചിത്രത്തിൽ പൃഥ്വിരാജ് അദ്ഭുതപ്പെടുത്തിയെന്നും താൻ പൂർണ തൃപ്തനാണെന്നും ബെന്യാമിൻ. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ബ്ലെസി സാറിന് ഒരുമ്മ കൊടുക്കുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം ടീമിനൊപ്പം കുറച്ചൊക്കെ ഉണ്ടായിരുന്നതുകൊണ്ട് സിനിമയേക്കുറിച്ച് ഏകദേശം ധാരണയുണ്ടായിരുന്നു. എങ്കിലും സിനിമയുടെ അവസാനഘട്ടമൊക്കെയായപ്പോൾ സിനിമ കാണാൻ സാധിക്കുമോ എന്ന് ബ്ലെസി സാറിനോട് ചോദിച്ചപ്പോൾ ഇനിയും പൂർത്തിയാവാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപൂർണമായ ഒരു പതിപ്പ് എന്നെ കാണിക്കാൻ സാറിന് താത്പര്യമില്ലായിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു.

എല്ലാം പൂർത്തിയായി ആ സിനിമ കണ്ടപ്പോൾ നോവലിനെ മറന്ന് ആ സിനിമയിൽ ലയിച്ചുപോയി. നമ്മുടെ ഓർമയിൽ ഒരു ഘട്ടത്തിൽ നോവലും കഥയും നിൽക്കുമ്പോൾ അതിനെ മറികടന്നുകൊണ്ട് ലയിച്ചിരിക്കാനുള്ള പ്രചോദനം സിനിമ നൽകുകയും ആകർഷിക്കുകയുംചെയ്യുന്നുണ്ട്. പൃഥ്വിരാജ് ഇവിടെയില്ലായിരുന്നു. എനിക്ക് നിങ്ങളെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഒരു മെസേജ് അയച്ചു. പിന്നീട് കണ്ടപ്പോൾ കെട്ടിപ്പിടിക്കുകയും ചെയ്തു.

ചെയ്ത എല്ലാ സിനിമയ്ക്കും സ്വയമാണ് തിരക്കഥ എഴുതിയിട്ടുള്ളത് എന്നതിനാൽ ബ്ലെസി സാറിന്റെ തിരക്കഥയേക്കുറിച്ച് ആലോചിച്ചിട്ടേയില്ല. എന്നാൽ തിരക്കഥയുടെ ഓരോ ഘട്ടങ്ങളിലും അദ്ദേഹം വിളിച്ച്‌
ഓരോ സംശയങ്ങൾ ചോദിച്ചിരുന്നു. നോവലെഴുതുന്ന ഘട്ടത്തിൽ എനിക്കുപോലും തോന്നാത്ത സംശയങ്ങൾ ചോദിച്ച് അതിന്റെ വിശദീകരണം തേടുകയുമെല്ലാം ചെയ്തിരുന്നു അദ്ദേഹം. പല കാര്യങ്ങളേക്കുറിച്ചും നിരന്തരമായ ചർച്ച ഞങ്ങൾക്കിടയിൽ നടന്നിരുന്നു. തിരക്കഥ പൂർത്തിയായപ്പോൾ അത് മുഴുവനായും വായിക്കുകയും ഞാൻ പറഞ്ഞ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ ചിത്രീകരണത്തിലുടനീളം നടന്നിട്ടുണ്ട്.

അന്നേ ബ്ലെസിയുടെ മനസിലുള്ള സ്വപ്നം മലയാളസിനിമയ്ക്ക് സങ്കൽപ്പിക്കാൻ പറ്റാത്ത നിലയിലുള്ളതായിരുന്നു. സ്വപ്നത്തിനുപിന്നാലെ അലയാൻ അദ്ദേഹം കാണിച്ച മനസുതന്നെയാണ് ആടുജീവിതം ഇപ്പോൾ സിനിമയായി നിൽക്കാനുള്ള കാരണമെന്നും ബെന്യാമിൻ പറഞ്ഞു.

പൃഥ്വിരാജിനെപ്പോലെയുള്ള ആത്മാർത്ഥതയുള്ള ഒരു നടനെ കിട്ടിയതുതന്നെ വലിയ ഭാ​ഗ്യമാണ്. തന്റെ ശരീരത്തിൽ എന്ത് പരീക്ഷണം വേണമെങ്കിലും നടത്താം എന്നാണ് സിനിമ തുടങ്ങുന്നതിനുമുമ്പ് പൃഥ്വി പറഞ്ഞത്. ആ സമർപ്പണത്തോടെയാണ് ഷൂട്ടിങ്ങിന് അദ്ദേഹം വന്നത്. എത്ര ടേക്ക് എടുക്കാനും മരുഭൂമിയിൽ എത്ര കഷ്ടപ്പെട്ടുനിൽക്കാനും അദ്ദേഹം തയ്യാറായി. മറ്റുള്ളവർ ഒന്നിലേറെ വസ്ത്രങ്ങൾ ധരിച്ച് നിൽക്കുമ്പോൾ ഒറ്റവസ്ത്രം ധരിച്ച് നിൽക്കുന്നതിനും യാതൊരു മടിയും കാണിച്ചില്ല. ആടുജീവിതം ചെയ്യുന്ന സമയംകൊണ്ട് വേറെ നാലോ അഞ്ചോ പടം ചെയ്യുകയോ പണമുണ്ടാക്കുകയോ ചെയ്യാമായിരുന്നു. അതിനൊക്കെ അപ്പുറമുള്ള അർപ്പണബോധം അദ്ദേഹത്തിനുണ്ടായി എന്നത് ഈ പടത്തിന്റെ ഏറ്റവും വലിയ ഭാ​ഗ്യങ്ങളിലൊന്നാണ്. ശരിക്ക് പൃഥ്വിരാജ് അദ്ഭുതപ്പെടുത്തി. ഇതുവരെയുള്ള സിനിമകളിലൊന്നും കാണാത്ത ഒരു പൃഥ്വിരാജിനെ ഈ സിനിമയിൽ കാണാമെന്ന് വാക്കുതരികയാണെന്നും ബെന്യാമിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *