Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യയില്‍ കാര്‍ നിര്‍മാണവും വില്‍പനയും അവസാനിപ്പിച്ച  ഫോര്‍ഡ് തങ്ങളുടെ ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള നടപടികളില്‍ നിന്ന് പിന്മാറി. ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന് കാര്‍ നിര്‍മാണ പ്ലാന്റ് വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയിരുന്നു. ഇതിനിടെയാണ് നടപടികള്‍ അപ്രതീക്ഷിതമായി അവസാനിച്ചത്. അതേസമയം ഇന്ത്യന്‍ വിപണിയിലേക്ക് ഏതെങ്കിലും തരത്തില്‍ തിരിച്ചെത്താനുള്ള ഫോര്‍ഡിന്റെ പദ്ധതിയാണോ പ്ലാന്റ് വില്‍പന അവസാനിപ്പിച്ചതിന് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് കടക്കാന്‍ പദ്ധതിയിടുന്ന ജെഎസ്‍ഡബ്യൂ ഗ്രൂപ്പ് ഫോര്‍ഡിന്റെ പ്ലാന്റ് ഏറ്റെടുക്കാന്‍ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചിരുന്നത്. അതിനു മുമ്പ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായും വിയറ്റ്നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റുമായും പ്ലാന്റ് വില്‍പന സംബന്ധിച്ച ചര്‍ച്ചകള്‍  ഫോര്‍ഡ് നടത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും ഫലം കണ്ടിരുന്നില്ല. ഓല ഇലക്ട്രിക്, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എംജി മോട്ടോഴ്സ് തുടങ്ങിയവയെല്ലാം വിവിധ ഘട്ടങ്ങളില്‍ ഫോര്‍ഡ് മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവയും മുന്നോട്ടുപോയില്ല. അതേസമയം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യ വിട്ടുപോകുന്നതിന് പകരം ഇവിടെ സാന്നിദ്ധ്യം അറിയിക്കാന്‍ തന്നെയായിരിക്കും ഫോര്‍ഡ് ആലോചിക്കുന്നതെന്നും ഇത് വലിയ ഗുണം ചെയ്യുമെന്നും ഓട്ടോമൊബൈല്‍ രംഗത്തുള്ള പലരും അഭിപ്രായപ്പെടുന്നുണ്ട്.

350 ഏക്കര്‍ ഭുമിയില്‍ സ്ഥിതി ചെയ്യുന്ന ചെന്നൈ മരൈമലൈ നഗറിലെ ഫോര്‍ഡ് പ്ലാന്റിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് തന്നെയാണ്. വര്‍ഷം രണ്ട് ലക്ഷം കാറുകളും 3.4 ലക്ഷം എഞ്ചിനുകളും നിര്‍മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ചെന്നൈ തുറമുഖത്തു നിന്ന് വെറും 50 കിലോമീറ്ററും എന്നൂര്‍ തുറമുഖത്തു നിന്ന് 74 കിലോമീറ്ററും മാത്രം അകലെയാണ്. ചെന്നൈ, ബംഗളുരു നഗരങ്ങളിലേക്കുള്ള യാത്രാ സൗകര്യവും കൂടി കണക്കിലെടുക്കുമ്പോള്‍ മരൈമലൈ നഗര്‍ പ്ലാന്റ് ഏറെ പ്രധാനപ്പെട്ടതാണ്. ഫോര്‍ഡ് ഇന്ത്യ, ഇന്ത്യന്‍ വിപണിയിലേക്ക് വേണ്ട വാഹനങ്ങള്‍ക്ക് പുറമെ വിദേശത്തേക്ക് കയറ്റി അയച്ചിരുന്ന വാഹനങ്ങളും ഇവിടെ നിര്‍മിച്ചിരുന്നു. ചെന്നൈക്ക് പുറമെ ഗുജറാത്തിലെ സാനന്ദിലുണ്ടായിരുന്ന ഫോര്‍ഡിന്റെ രണ്ടാമത്തെ പ്ലാന്റ് കഴിഞ്ഞ വര്‍ഷം ടാറ്റയ്ക്ക് വിറ്റിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ കാര്‍ വില്‍പന അവസാനിപ്പിച്ച ശേഷവും ഫോര്‍ഡ് ഇന്ത്യ പിന്നിട് കുറച്ച് മാസങ്ങള്‍ കൂടി വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനങ്ങള്‍ ചെന്നൈയില്‍ നിര്‍മിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മാണം തുടരാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ സജീവമാണ്. ഇതുകൊണ്ടാവാം അമേരിക്കയിലെ ഫോര്‍ഡ് ആസ്ഥാനവും ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പും തമ്മിലുള്ള ചര്‍ച്ചകള്‍ പെട്ടെന്ന് നിലച്ചതെന്നും പറയപ്പെടുന്നു. ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിരുന്ന ചര്‍ച്ചകള്‍ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നുവത്രെ.

ചില മേഖലകളിലേക്ക് ഫോര്‍ഡ് ഇന്ത്യ വീണ്ടും ആളുകളെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫോര്‍ഡ് തിരികെയെത്തുന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉന്നയിച്ച അന്വേഷണങ്ങളോട് ഫോര്‍ഡ് പ്രതികരിക്കാന്‍ തയ്യാറാട്ടില്ല. പ്ലാന്റ് വില്‍പനയില്‍ നിന്ന് പിന്മാറിയ കാര്യത്തില്‍ ജെഎസ്‍ഡബ്ല്യൂ ഗ്രൂപ്പും അഭിപ്രായ പ്രകടനത്തിനില്ല എന്നാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *