Your Image Description Your Image Description

ചൊവ്വാഴ്ച രാത്രി 11 മണിയോടെ പള്ളിമുക്ക്-കണ്ണാമൂല റോഡിൽ പേട്ട പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാൻസ്‌ഫോർമറിൽ നിന്നുള്ള തീ സമീപത്തെ രണ്ട് കാറുകളിലേക്കും പടർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറും പോലീസ് സ്റ്റേഷൻ പിടിച്ചെടുത്ത കാറും കത്തിനശിച്ചു. ചൊവ്വാഴ്ച ഇടക്കിടെ വൈദ്യുതി തകരാറും ട്രാൻസ്ഫോമറിൽ തീപ്പൊരിയും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് റേഷൻ കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ 10 മണിയോടെ അസിസ്റ്റൻ്റ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

എന്നാൽ രാത്രി 10 മണിയോടെ ട്രാൻസ്‌ഫോർമറിൽ നിന്ന് പുക ഉയരാൻ തുടങ്ങി. കെഎസ്ഇബിയെ വിളിച്ചെങ്കിലും പ്രശ്നമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ പെട്ടെന്ന് ട്രാൻസ്‌ഫോർമർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് കത്താൻ തുടങ്ങി. സംഭവമറിഞ്ഞ് അസിസ്റ്റൻ്റ് എൻജിനീയർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് തിരികെ പോയി. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി.

Leave a Reply

Your email address will not be published. Required fields are marked *