Your Image Description Your Image Description

ദില്ലി: 26കാരന്‍റെ കുടലില്‍ നിന്ന് 39 നാണയങ്ങളും 37 കാന്തങ്ങളും പുറത്തെടുത്ത് ഡോക്ടർമാർ. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സംഭവം. ബോഡി ബിൽഡിംഗിന് സിങ്ക് സഹായിക്കുമെന്ന ധാരണയിലാണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

20 ദിവസത്തിലേറെയായി തുടർച്ചയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് 26 കാരനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. രോഗിക്ക് ഒന്നും കഴിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്‍റായ ഡോ. തരുൺ മിത്തലാണ് രോഗിയെ ആദ്യം പരിശോധിച്ചത്. യുവാവ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ ഡോക്ടറോട് പറഞ്ഞു.

എക്സ്റേ പരിശോധിച്ചപ്പോള്‍ നാണയങ്ങളുടെയും കാന്തങ്ങളുടെയും സാന്നിധ്യം കണ്ടെത്താനായി. നാണയങ്ങളും കാന്തങ്ങളും കുടലിൽ തടഞ്ഞുനിൽക്കുന്നതായി സിടി സ്കാനിൽ കണ്ടെത്തി. രോഗിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയിലൂടെ നാണയങ്ങളും കാന്തങ്ങളും പുറത്തെടുത്തു. ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപയുടെ നാണയങ്ങളാണ് കണ്ടെത്തിയത്. ആകെ 39 എണ്ണമുണ്ടായിരുന്നു. ഗോളം, നക്ഷത്രം, ത്രികോണം എന്നിങ്ങനെ വ്യത്യസ്ത ആകൃതികളിലുള്ള 37 കാന്തങ്ങളും ലഭിച്ചു.

ഏഴ് ദിവസത്തിനു ശേഷം ആരോഗ്യനില ഭേദമായതോടെ യുവാവിനെ ഡിസ്ചാർജ് ചെയ്തു. സിങ്ക് ബോഡി ബിൽഡിംഗിൽ സഹായിക്കുമെന്ന് കരുതിയാണ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു. നാണയങ്ങളില്‍ സിങ്കുണ്ട്. കാന്തങ്ങള്‍ കൂടി വിഴുങ്ങിയാൽ കുടലിലേക്ക് കൂടുതൽ സിങ്ക് ആഗിരണം ചെയ്യപ്പെടുമെന്ന് കരുതയെന്നും യുവാവ് പറഞ്ഞു. സർ ഗംഗാറാം ആശുപത്രിയിലെ തരുൺ മിത്തൽ, ആശിഷ് ഡേ, ആൻമോൾ അഹൂജ, വിക്രം സിംഗ്, തനുശ്രീ, കാർത്തിക് എന്നീ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *