Your Image Description Your Image Description

ബെംഗളുരു: ബെംഗളുരുവിലെ കെ ആർ പുരത്ത് വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച പ്രതി പിടിയിൽ. എഴുപത് വയസ്സുകാരിയായ സുശീലമ്മയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സ്വർണാഭരണങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ അയൽവാസിയായ ദിനേഷ് സുശീലമ്മയെ കൊലപ്പെടുത്തിയത്.

ബെംഗളുരു നഗരത്തിലെ കെ ആർ പുരത്തെ നിസർഗ ലേ ഔട്ടിൽ ആളൊഴിഞ്ഞ വീടിന് സമീപത്ത് നിന്ന് വല്ലാത്ത ദുർഗന്ധം വന്നതിനെത്തുടർന്നാണ് അയൽവാസികൾ ഈ സ്ഥലം പരിശോധിച്ചത്. വീടിന് പിൻവശത്ത് വച്ചിരുന്ന പ്ലാസ്റ്റിക് വീപ്പ തുറന്ന് നോക്കിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഒരു വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി സൂക്ഷിച്ചിരിക്കുന്നു.

ഉടൻ തന്നെ സമീപത്തെ സുശീലമ്മ എന്ന എഴുപതുകാരിയുടെ മൃതദേഹമാണിതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. രണ്ട് ദിവസമായി വൃദ്ധയെ കാണാനില്ലായിരുന്നു. വൃദ്ധയെ ഏറ്റവുമവസാനം കണ്ടത് ദിനേഷ് എന്ന അയൽക്കാരനൊപ്പമാണെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് ആ വഴിക്ക് അന്വേഷിച്ചത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദിനേഷ് വൃദ്ധയുടെ മൃതദേഹം വച്ച പ്ലാസ്റ്റിക് വീപ്പ എടുത്ത് കൊണ്ടുവരുന്നത് കണ്ടു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൊലപാതകം പുറത്തായത്. കടക്കെണിയിൽ പൊറുതിമുട്ടിയ ദിനേഷ് അമ്പലത്തിലേക്കെന്ന് പറഞ്ഞ് സുശീലമ്മയെ വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തിലെയും ചെവിയിലെയും കയ്യിലെയും ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സ്വർണക്കടയിൽ കൊണ്ടുപോയി പണയം വയ്ക്കാൻ നോക്കിയപ്പോഴാണ് വൃദ്ധയുടെ കമ്മലുകളൊഴികെ ബാക്കിയെല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾ തിരികെ വീട്ടിലെത്തി വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുവച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണമല്ലാതെ മറ്റെന്തെങ്കിലും കാരണം കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *