Your Image Description Your Image Description

ന്യൂഡൽഹി: കര്‍ണ്ണാടകയിലും ഹിമാചല്‍പ്രദേശിലും ഉത്തര്‍പ്രദേശിലും ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങ് ഭയന്ന് കോണ്‍ഗ്രസും സമജ്‌വാദി പാര്‍ട്ടിയും. മൂന്ന് സംസ്ഥാനങ്ങളിലെ നാല് സീറ്റുകളിലാണ് ക്രോസ് വോട്ട് സാധ്യത മുന്‍നിര്‍ത്തി ബിജെപി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ക്രോസ് വോട്ടിംഗിന് സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ് സമജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

കര്‍ണാടകയില്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് എംഎംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തന്നെ കോൺഗ്രസ് ബാംഗ്ലൂരിലെ ഹോട്ടലിലേയ്ക്ക് എംഎല്‍എമാരെ മാറ്റിയിരുന്നു. ഹിമാചല്‍പ്രദേശില്‍ ഒഴിവുവരുന്ന ഏകരാജ്യ സഭാ സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്‍കിയിട്ടുണ്ട്.കര്‍ണാടകയില്‍ ഒഴിവുള്ള നാലിടത്ത് മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും ഒരു സീറ്റില്‍ ബിജെപി-ജെഡിഎസ് സഖ്യത്തിനും സ്വഭാവികമായും ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇവിടെ ബിജെപി-ജെഡിഎസ് സഖ്യം രണ്ടാം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതോടെയാണ് ക്രോസ് വോട്ട് സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നത്

കോണ്‍ഗ്രസിന് 134 എംഎല്‍എമാരുള്ളത്. ബിജെപിക്ക് 66, ജെഡിഎസിന് 19 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില. രണ്ട് സ്വതന്ത്രരുടെയും സര്‍വോദയ കര്‍ണാടക പക്ഷയില്‍ നിന്നുള്ള ദര്‍ശന്‍ പുട്ടണയ്യയുടെയും പിന്തുണ കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. ബിജെപി ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണ അവകാശപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സയ്യദ് നാസര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എഐസിസി ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.

ഹിമാചലില്‍ ഒഴിവുള്ള ഏക സീറ്റിലേയ്ക്ക് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്‌വിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി കോര്‍ കമ്മിറ്റി അംഗം ഹര്‍ഷ് മഹാജനെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. 40 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 25 അംഗങ്ങളാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ സ്വതന്ത്രരും രണ്ട് പേര്‍ ബിജെപി വിമതരുമാണ്. അതൃപ്തിയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താനാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *