Your Image Description Your Image Description

ഡൽഹി: വരുന്ന ലോക്സാഭാ തിരഞ്ഞെടുപ്പിലും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എന്റെ സർക്കാരിന്റെ മൂന്നാം ടേം ജൂണിൽ ആരംഭിക്കും…’ എന്നായിരുന്നു മോദിയുടെ വാക്കുകൾ. 41000 കോടി രൂപയുടെ 2000 ഓളം റെയിൽവെ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷം കൊണ്ട് പണിതുയർത്തിയ ഇന്ത്യയെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനടക്കം സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളിൽ വിജയിക്കുമെന്ന് മോദി ദിവസങ്ങൾക്ക് മുമ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. തന്റെ മൂന്നാം സർക്കാർ അടുത്ത ആയിരം വർഷത്തേക്കായുള്ള അടിത്തറപാകുമെന്നും വലിയ തീരുമാനങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങൾക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ” തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളൂ, എന്നാൽ എനിക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ക്ഷണങ്ങളുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അതിനർത്ഥം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾക്ക് ബിജെപി സർക്കാരിൻ്റെ തിരിച്ചുവരവിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട് എന്നാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ മൂന്നാം തവണയും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. എൻ്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വീട് നിർമിച്ചുനൽകാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 100 ദിനങ്ങൾ വളരെ നിർണായകമാണെന്ന് ഭാരത് മണ്ഡപത്തിലെത്തിയ ബിജെപി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം പറഞ്ഞു. ഓരോ പുതിയ വോട്ടർമാരിലേക്കും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ട്. എല്ലാവരുടെയും വിശ്വാസം നേടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *