Your Image Description Your Image Description

എന്തൊക്കെ പറഞ്ഞാലും സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമാണ് തമിഴകത്തുള്ളത് . എംജിആറു മുതൽ , ജയലളിതയും, കരുണാനിധിയും, വിജയകാന്തും തൊട്ട് ഉദയനിധി സ്റ്റാലിൻ വരെ എത്തിനിൽക്കുന്ന ഒരു നീണ്ട നിരയുണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ.

ഏറ്റവും ഒടുവിലിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിച്ച താരമായ ജോസഫ് വിജയ് അഭിനയം നിർത്തി രാഷ്ട്രീയത്തിൽ ഇറങ്ങുകയാണ്. ഈ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ സജീവമാവില്ലെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടിയേക്കാൾ ശക്തിയുള്ള, സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും യൂണിറ്റുള്ള ഫാൻസ് അസോസിയേഷനാണ് വിജയ് മക്കൾ ഇയക്കം . രജനി, കമൽ ഫാൻസ് അസോസിയേഷനുകൾ പിറകോട്ട് അടിച്ചതോടെ യുവാക്കൾക്കിടയിൽ വിജയ് തരംഗമായി.

ഇപ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി പ്രഖ്യാപിച്ചതോടെ ഫാൻസ് അസോസിയേഷൻ യൂണിറ്റുകൾ പാർട്ടി ഘടകങ്ങളായി മാറി. അതോടെ തമിഴ്‌നാട്ടിന്റെ കുഗ്രാമങ്ങളിൽ പോലും യൂണിറ്റുള്ള പാർട്ടിയായി അത് മാറി. ഈ ശക്തി തന്നെയാണ് ഡിഎംകെയുടെയും എഐഡിഎംകെയുടെയും ഉറക്കം കെടുത്തുന്നത്.

നിലവിൽ ഡിഎംകെ- കോൺഗ്രസ് ഇന്ത്യാസഖ്യം, എഐഎഡിഎംകെ മുന്നണി, ഒപ്പം ബിജെപി ഇങ്ങനെ ത്രികോണ മത്സരമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. ഇതിനിടയിലേക്ക് വിജയ് വരുമ്പോൾ ആരുടെ വോട്ടാണ് നഷട്മാവുകയെന്നതാണ് തമിഴ്‌നാട്ടിലെ ചർച്ച .

ഇതിനിടയിലാണ് സൂപ്പർ താരം കമൽഹാസനും വിജയും ഒന്നിക്കുമെന്ന് വാർത്തകൾ പുറത്തുവരുന്നത്. കമൽ സ്വന്തമായി മക്കൾ നീതി മയ്യം എന്ന പാർട്ടിയുണ്ടാക്കിയെങ്കിലും അത് ക്ലച്ച് പിടിക്കാത്ത അവസ്ഥയാണ്. ഈഅടുത്ത സമയത്ത് കമൽ നടത്തിയ ഒരു പ്രസ്താവനയിലാണ് ഈ സൂചന നൽകിയത്.

രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയെ നിർബന്ധിച്ചത് താനാണെന്ന് കമൽ ആണയിട്ട് പറയുന്നു . രാജ്യത്തിന്റെ രക്ഷക്കായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ തയ്യാറാണന്നും കമലഹാസൻ പറയുന്നു .

രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാൽ, ഫ്യൂഡൽ മനോഭാവം കാട്ടുന്ന പാർട്ടികളുമായി കൈകോർക്കില്ലെന്നും കമൽ തുറന്നടിച്ചു . ഭാവിയിൽ വിജയുമായി കൈകോർക്കാൻ തയ്യാറാണെന്നതിന്റെ കൃത്യമായ സൂചനയാണിത്. അതോടൊപ്പം ബിജെപിയുമായി സഖ്യപ്പെടുകയില്ലന്നും ഓർമ്മിപ്പിക്കുന്നു .

ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെയ്ക്കും ബദലെന്ന നിലയിലായിരുന്നു ആറുവർഷം മുമ്പ് കമൽ , മക്കൾ നീതി മയ്യം ആരംഭിച്ചത്. കഴിഞ്ഞവർഷം നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിനായി കമൽഹാസൻ പ്രചാരണം നടത്തിയിരുന്നു.

ഇപ്പോഴും ‘ഇന്ത്യ’ സംഖ്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും നല്ല വാർത്തയുണ്ടാക്കാൻ സമയമെടുക്കുമെന്നുമാണ് കമൽ പറയുന്നത്. പക്ഷേ വിജയുടെ പാർട്ടി ശക്തമായാൽ കമൽ സഖ്യങ്ങളെല്ലാം ഉപേക്ഷിച്ച് ഒപ്പം കൂടുമെന്നും, തമിഴകത്തെ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചാൽ അത് ഡബിൾ എഞ്ചിൻ കൂട്ടുകെട്ടാവുമെന്നും കണക്കുകൂട്ടുന്നവരുമുണ്ട് .

അതിനിടെ വിജയ് നിലവിലുള്ള എത് മുന്നണിക്കാണ് ഭീഷണിയാകുന്നതെന്ന ചർച്ചയും തമിഴ് മാധ്യമങ്ങൾ ഉയർത്തുന്നു. കേന്ദ്ര സർക്കാരുമായി നേരത്തെ ഉരസലുണ്ടായ വിജയ് എന്തായാലും ബിജെപിയോടൊപ്പം ചേരാനിടയില്ല.

അണ്ണാ ഡിഎംകെക്ക് തമിഴ്‌നാട്ടിൽ പഴയ ഗ്രിപ്പില്ല. അതിനാൽ ഒറ്റക്ക് മത്സരിക്കാനാവും വിജയുടെ തീരുമാനം. അങ്ങനെ വരുമ്പോൾ ഡിഎംകെയുടെയും അണ്ണാ ഡി എം കെ യുടെയും വോട്ടുകളാണ് വിജയുടെ പാർട്ടി ചോർത്തുക .

തമിഴ്‌നാട്ടിൽ രണ്ട് രാഷ്ട്രീയമാണ് ശക്തം. ദ്രാവിഡ രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയവും . വിജയ് ആണെങ്കിൽ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ കൃത്യമായ ദലിത്- ന്യൂനപക്ഷ രാഷ്ട്രീയമാണ് അദ്ദേഹം പിന്തുടരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.

അടുത്തിടെ, ബാബാ സാഹിബ് അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കാൻ വിജയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലീങ്ങൾ, ക്രൈസ്തവർ, പിന്നാക്ക ജാതിക്കാർ ഇവരെയാണ് പ്രധാനമായും വിജയുടെ പാർട്ടി ലക്ഷ്യമിടുന്നത് . നിലവിലിത് കൃത്യമായും ഡിഎംകെയുടെ വോട്ടുകളാണ്. ഏതായാലും വരുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയ് സാന്നിധ്യമറിയിക്കും .

Leave a Reply

Your email address will not be published. Required fields are marked *