Your Image Description Your Image Description

പത്തനംതിട്ടയിൽ തോമസ് ഐസക് ആത്മവിശ്വാസത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന അദ്ദേഹം കളത്തിലിറങ്ങി കഴിഞ്ഞു . മൂന്നുതവണ വിജയിച്ച സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയോട് ജനങ്ങൾക്ക് എതിർവികാരമുണ്ടെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത് .

എൽ.ഡി.എഫിനു ജയസാദ്ധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ടയെന്ന് തോമസ് ഐസക് വിശ്വസിക്കുന്നു . ബി.ജെ.പി ചില ക്രൈസ്തവ പുരോഹിതരെ കണ്ടതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മണിപ്പൂർ കലാപമാണ് അവരുടെ മനസിലുള്ളത് . ഇ.ഡിയുടെ പേടിപ്പെടുത്തലിനെ രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഐസക്.

രാജ്യത്തെ ഏതെങ്കിലും ബി.ജെ.പി നേതാവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ടോയെന്നാണ് തോമസ് ഐസക്കിന്റെ ചോദ്യം. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്യുന്ന തോമസ് ഐസക് സെമിനാറുകളും പൊതു പരിപാടികളുമായി മണ്ഡലത്തിൽ സജീവമാണ്.

ബി.ജെ.പിയും സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി മണ്ഡലത്തിൽ സജീവമാണ്. അടുത്തിടെ ബിജെപിയിലേക്കെത്തിയ പി.സി.ജോർജിനു പത്തനംതിട്ടയിൽ മത്സരിക്കണമെന്നുണ്ട്. ”എനിക്ക് അയ്യപ്പന്റെ മണ്ണിൽ മത്സരിച്ചാൽ കൊള്ളാമെന്നുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി ബി.ജെ.പി കേന്ദ്ര നേതൃത്വം എന്നെ പരിഗണിക്കുന്നുണ്ട്. മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും””. എന്നാണ് പി.സി കഴിഞ്ഞ ദിവസം ഗീർവാണമടിച്ചത് .

പി.സിയോട് ബി.ഡി.ജെ.എസിനു അതൃപ്തിയുണ്ട് . പത്തനംതിട്ടയിൽ പി.സി.ജോർജ് മത്സരിച്ചാൽ എട്ടുമണിക്കേ പൊട്ടുമെന്ന് വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചിരുന്നു. ജോര്‍ജിനെതിരെ ബിഡിജെഎസ് രംഗത്തു വന്നതോടെ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പേരും ഉയര്‍ന്നു വരുന്നു . യുവ സ്ഥാനാർത്ഥിയെന്ന നിലയിൽ ഷോണിനെയും പരീക്ഷിച്ചേക്കാം. സ്ഥാനാര്‍ഥി വൈകുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തിയുണ്ട്.

ഇതിനിടയിൽ ജില്ലയിലെത്തിയ സുരേന്ദ്രന്‍റെ പദയാത്രയില്‍ പത്തനംതിട്ട മണ്ഡലത്തിലെ പൊതുസമ്മേളനത്തിലെ താരം പി.സി.ജോര്‍ജായിരുന്നു. ക്രൈസ്തവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സഭാ മേലദ്ധ്യക്ഷരുമായി ശ്രീധരൻപിള്ളയ്ക്കുള്ള ബന്ധം നേട്ടമാകുമെന്നാണ് ബിജെപിയുടെ വിശ്വാസം . യു ഡി എഫിൽ ആന്റോ ആന്റണി തന്നെയാണ് സ്ഥാനാർത്ഥി .

ഇത്തവണ ആന്റോ ആന്റണിയുടെ നില പരുങ്ങലിലാണ് . ആന്റോ ആന്റണിയ്‌ക്കെതിരായി കോൺഗ്രസ്സിൽ പോലും പ്രവർത്തകർ മാറിചിന്തിക്കുന്നു . കോൺഗ്രസ്സിലെ പ്രശനങ്ങൾ അത്രയ്ക്ക് മൂർദ്ധന്യാവസ്ഥയിലാണ് .

മുൻ ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജും കൂട്ടരും പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത് നിസ്സാരമായി കാണരുത് . ബാബു ജോർജ്ജിന് മണ്ഡലത്തിൽ നല്ല സ്വാതീനമുണ്ട് . എഴുതിത്തള്ളാൻ പറ്റാത്ത വിധത്തിലുള്ള അംഗീകാരമുണ്ട് .

ഇതൊക്കെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും . ഇതൊക്കെ കൊണ്ടാണ് തോമസ് ഐസക്കിന് ആത്മ വിശ്വാസം വർധിക്കുന്നത് . ഏതായാലും ബിജെപി സ്ഥാനാർത്ഥി കൂടി വരുമ്പോൾ കളം ചൂടാകും .

Leave a Reply

Your email address will not be published. Required fields are marked *