Your Image Description Your Image Description

കല്‍പ്പറ്റ: യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ വയനാട് മണ്ഡലത്തിന്റെ അടിത്തറ തന്നെ മുസ്ലിം ലീഗാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് മൂന്നാം സീറ്റായി വേണമെന്ന ലീഗിന്റെ ആവശ്യത്തിന്റെ രഹസ്യവും ഇതുതന്നെ. വയനാട് മണ്ഡലത്തിലെ ലീഗ് സ്വാധീനം എതിരാളികള്‍ പോലും പരസ്യമായി അംഗീകരിക്കുന്നതാണ്.

നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലെത്തിച്ച മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും ലീഗ് നേതൃത്വം വയനാടിന് മേലുള്ള നോട്ടം ഉപേക്ഷിക്കുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ തന്നെയാണ് ഇതിന് കാരണം. നാല്‍പത് ശതമാനത്തോളമുള്ള മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിലെ ഡിസിഷന്‍ മേക്കേഴ്‌സ്. ബത്തേരിയും മാനന്തവാടിയും ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫില്‍ ലീഗ് തന്നെ മുന്‍പില്‍.

വയനാട് ജില്ലയും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയും ഉള്‍പ്പെടുന്ന മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളും യുഡിഎഫിനൊപ്പമാണ്. കര്‍ഷകരാണ് വോട്ടര്‍മാരില്‍ എറെയും. കോണ്‍ഗ്രസ് ലീഗ് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ദേശീയ മുഖമുള്ള സ്ഥാനാര്‍ഥിയല്ല വയനാട്ടിലെത്തുന്നതെങ്കില്‍ ഇടതുപക്ഷവും പ്രതീക്ഷ കൈവിടുന്നില്ല.

അതേസമയം ലീഗ് മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഇന്ന് കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി യോഗം നടക്കും. എറണാകുളത്ത് വെച്ചാണ് നിര്‍ണായകമായ യോഗം നടക്കുന്നത്. ചര്‍ച്ച പരാജയപെട്ടാല്‍ ഒറ്റക്ക് മത്സരിക്കുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാനാണ് ലീഗ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *