Your Image Description Your Image Description

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറി. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യൻ ഭരണകൂടത്തിന്റെ നടപടി .

മൃതദേഹം കൈമാറണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടം വഴങ്ങിയതെന്ന് നവാൽനിയുടെ അമ്മ കിര യാർമിഷിന്റെ വക്താവ് എക്സിൽ കുറിച്ചു.

നവാൽനിയുടെ മരണാനന്തര ചടങ്ങുകൾ ഉടൻ നടക്കുമെന്നും വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ജയിലിനടുത്ത് തന്നെയായിരുന്നു നവാൽനിയുടെ അമ്മയുടെ താമസം. ആദ്യം മൃതദേഹമുള്ള സ്ഥലം മനസിലാക്കുകയും പിന്നീട് അത് വിട്ടുകിട്ടാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.

അലക്സി നവാൽനി (47) ജയിലിൽ വെച്ചാണ് മരിച്ചത്. റഷ്യൻ ജയിൽ ഏജൻസിയാണ് മരണവിവരം അറിയിച്ചത്. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.

റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണം. ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *