Your Image Description Your Image Description

കോഴിക്കോട്: മാസങ്ങള്‍ക്ക് മുന്‍പ് എം ഡി എം യുമായി പിടികൂടുന്നതിനിടെ എസ് ഐയെയും സംഘത്തെയും മര്‍ദ്ദിച്ചു കടന്നുകളഞ്ഞ ലഹരിക്കടത്തുകാരനെയും കൂട്ടാളിയെയും വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. 5.710 കിലോ ഗ്രാം കഞ്ചാവുമായാണ് ഇവരെ കോഴിക്കോട് റൂറല്‍ എസ് പി ഡോ. അരവിന്ദ് സുകുമാര്‍ ഐ പി എസിന്റെ നേതൃത്വത്തിലുള്ള പൊലീസം സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലില്‍ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മല്‍ അബ്ദുല്‍ വാസിത്ത് (33) എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ മുക്കം കുറ്റിപ്പാല കുന്തംതൊടിക എന്ന സ്ഥലത്ത് കാര്‍ സഹിതം പിടികൂടിയത്. കാറിന്റെ ഡിക്കിയിലും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ള വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് 145-ഗ്രാം എം ഡി എം എയുമായി പിടികൂടിയെങ്കിലും പ്രതി എസ് ഐയെ ഉള്‍പ്പെടെ മര്‍ദ്ദിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ നാലര മാസമായി ഒളിവില്‍ കഴിഞ്ഞ് വീണ്ടും മയക്കു മരുന്ന് വില്‍പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അബ്ദുല്‍ വാസിത് പരപ്പന്‍പൊയില്‍ സ്വദേശിയായ അന്‍സാര്‍ എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോള്‍ തന്നെ ഇവര്‍ ഇരുവരും നാട്ടിലെത്തി മയക്കുമരുന്ന് വില്പന നടത്തുന്നതായി സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കൂട്ടാളികളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്. ഒടുവിൽ രണ്ട് പേരും ഒന്നിച്ചു പിടിയിലാവുകയായിരുന്നു.

ഇപ്പോള്‍ പിടിയിലായ സ്ഥലത്തിന് സമീപത്തായി മൂന്ന് ദിവസം മുന്‍പ് പ്രതികള്‍ വാടകക്ക് വീട് എടുത്തിരുന്നു. ഈ വീട്ടില്‍ നിന്നും കഞ്ചാവ് വില്‍പനക്കായി ഇറങ്ങുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ നാലര ലക്ഷത്തോളം രൂപ വിലയുണ്ട്. താമരശ്ശേരി ഡിവൈ എസ് പി, പി പ്രമോദിന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ രാജീവ് ബാബു, പി ബിജു, സീനിയര്‍ സി പി ഒ മാരായ എന്‍ എം ജയരാജന്‍, പി പി ജിനീഷ്, മുക്കം സ്റ്റേഷനിലെ എസ് ഐ മാരായ കെ ശ്രീജേഷ്, കെ സന്തോഷ് കുമാര്‍, ഷിബില്‍ ജോസഫ്, സീനിയര്‍ സി പി.ഒ അബ്ദുല്‍ റഷീദ്, പി എ അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *