Your Image Description Your Image Description

മാവേലിക്കര : സംസ്ഥാന സർക്കാർ കിഫ്ബി വഴി 38.22 കോടി ചെലവഴിച്ചുനിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലത്തിനായി ഏറ്റെടുത്ത വസ്തു ഉടമകൾക്ക് 10.69 കോടി രൂപ നഷ്ടപരിഹാരം നൽകി. പദ്ധതിപ്രദേശത്ത് ഭൂമിയും വീടും സ്ഥാപനങ്ങളുമുണ്ടായിരുന്ന 39 പേർക്കാണ് തുക കൈമാറിയത്. 62.7 ആർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിയിൽ 36 പുരയിടങ്ങളും ആറ്‌ പുറമ്പോക്കു ഭൂമിയുമുണ്ട്. ഭൂവുടമകളോട് ഈ മാസം 28-നകം ഒഴിയണമെന്നാവശ്യപ്പെട്ട് കിഫ്ബി കത്തുനൽകി. മാർച്ച് 11-ന് സ്ഥലം മേൽപ്പാലം പദ്ധതിയുടെ നിർമാണച്ചുമതലക്കാരായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷനു കൈമാറും.

റെയിൽവേ മേൽപ്പാലത്തിനു സ്ഥലമേറ്റെടുക്കുന്നതിനുള്ള അന്തിമവിജ്ഞാപനം കഴിഞ്ഞ നവംബർ 22-നു പുറത്തിറങ്ങിയിരുന്നു. സാങ്കേതികാനുമതിക്കായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനിയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർ എന്നിവരടങ്ങുന്ന സാങ്കേതികസമിതിക്ക്‌ എസ്റ്റിമേറ്റ് സമർപ്പിക്കണം.നിലവിൽ 2016 ലെ ഡൽഹി ഷെഡ്യൂൾഡ് നിരക്കനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് 2018-ലെ നിരക്കനുസരിച്ചു പുതുക്കണം. സാങ്കേതികാനുമതിക്കും കിഫ്ബിയുടെ അംഗീകാരത്തിനുംശേഷം ടെൻഡർ നടപടികളിലേക്കു കടക്കും.

പദ്ധതിപ്രദേശത്ത് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പ്രസരണ ടവറുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുനടന്ന മണ്ണുപരിശോധനാ റിപ്പോർട്ടും ടവർ ഫൗണ്ടേഷൻ ഡിസൈനും റെയിൽവേ അംഗീകരിച്ചിട്ടുണ്ട്. കോട്ടയം പള്ളത്തുനിന്നു മാവേലിക്കരയിലേക്കുള്ള 66 കെ.വി. വൈദ്യുതി പ്രസരണലൈനിലെ പത്ത് ടവറുകൾ മാറ്റി ആധുനിക സാങ്കേതികവിദ്യയിലുള്ള മൂന്നു ടവറുകളാണ് സ്ഥാപിക്കുന്നത്.

നിലവിലുള്ള ടവറുകൾക്ക് എട്ടുമുതൽ ഒൻപതുവരെ മീറ്ററാണ് ഉയരം. പുതിയ ടവറുകൾക്ക് 35 മീറ്ററിലേറെ ഉയരംവരും. പദ്ധതി നടത്തിപ്പുകാരായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ പ്രവർത്തനങ്ങൾക്കായി 2.1 കോടി രൂപ കെ.എസ്.ഇ.ബി. പ്രസരണവിഭാഗത്തിന് അടച്ചിട്ടുണ്ടെന്ന് അസി. എക്‌സി. എൻജിനിയർ ഡോ. ബിജു ജേക്കബ് പറഞ്ഞു. റെയിൽവേ ലൈനിന്റെ കിഴക്കുഭാഗത്ത് മൂന്നു ടവറുകളും പടിഞ്ഞാറുഭാഗത്ത് ഒരു ടവറുമാണു വരുന്നത്. ടവർ നിർമാണസാമഗ്രികൾ വൈദ്യുതിപ്രസരണവിഭാഗത്തിന്റെ ചെങ്ങന്നൂർ സബ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ., ജല അതോറിറ്റി ലൈനുകളും സമയബന്ധിതമായി മാറ്റി സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *