Your Image Description Your Image Description
Your Image Alt Text

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്ലാഡിമിർ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവൽനയ. ആർട്ടിക് ധ്രുവത്തിലെ പീനൽ കോളനി ജയിലിന് മുന്നിൽ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തിൽ പറയുന്നു. നവൽനിയെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുമെന്ന പരാമർശത്തിന് പിന്നാലെ അലക്സി നവൽനിയുടെ ഭാര്യ യൂലിയയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു.

തന്റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പോരാടുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് ഭാര്യ യൂലിയ നവാൽനയ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പുതിയ എതിരാളിയാണ് യൂലിയ. നവൽനിയുടെ സ്വതന്ത്ര റഷ്യ എന്ന സ്വപ്‌നത്തിനായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യൂലിയ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുട്ടിന്റെ മുഖ്യ എതിരാളിയായ നവാൽനി മരണപ്പെടുന്നത്. റഷ്യയ്ക്ക് പുറത്തുനിന്നാണ് യൂലിയ പുട്ടിനെതിരെ അനുയായികളെ അണിനിരത്തുന്നത്. നവാൽനിയെ പുട്ടിൻ കൊന്നതാണെന്നും നവാൽനിക്ക് വേണ്ടി ആരെയും ഭയക്കാതെ താൻ പോരാട്ടം ശക്തമായി തുടരുമെന്നും യൂലിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നവാൽനിയെ കൊലപ്പെടുത്തിയെന്നതിന്റെ തെളിവുകൾ മറയ്ക്കാൻ അദ്ദേഹത്തിന്റെ മൃതദേഹം തങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. പുട്ടിനെതിരെ റഷ്യൻ ജനത തനിക്കൊപ്പം ഒന്നിക്കണം. നവാൽനിയെ കൊന്നത് എന്തിനാണെന്ന് തനിക്കറിയാം. വിവരങ്ങൾ ഉടൻ ലോകത്തിന് മുന്നിലെത്തിക്കുമെന്നും യൂലിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *