Your Image Description Your Image Description

 

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ വടക്കുംകര ഗവ. യു.പി സ്‌കൂളിലെ എസ്എസ്‌കെ യുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെവഴിച്ച് ഒരുക്കിയ 13 പ്രവര്‍ത്തന ഇടങ്ങളുള്ള മഴവില്‍ കൂടാരത്തിന്റെയും ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും സ്‌കൂള്‍ വാര്‍ഷികവും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് പ്രീ പ്രൈമറി. വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ വഹിക്കുന്നുണ്ട്. ശിശു സൗഹൃദമായി ആകര്‍ഷകവും വര്‍ണ്ണാഭവവുമായി വേണം കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ ഒരുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ നിലയില്‍ പ്രകൃതിയെയും സമൂഹത്തെയും അറിയാനും ഭാഷാ വികസനം സാധ്യമാക്കാനും കണക്ക് കൃത്യമായ രീതിയില്‍ ഗ്രഹിച്ച് തുടങ്ങാനും ഉതകുന്ന രീതിയില്‍ കളികളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവരെ സഹായിക്കുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. ഉത്തമരായ സാമൂഹിക ജീവികളായിട്ടാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നത്. മാതൃഭാഷയെയും നാടിനെയും മാതാപിതാക്കളെയുമൊക്കെ സ്‌നേഹിച്ചും മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചും വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. സമേതം – ഭരണഘടന ചുമര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ബാന്‍ഡ് സെറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് നിര്‍വ്വഹിച്ചു.
സ്‌കൂളിലെ പഠന പാഠ്യേതര മേഖലയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ സന്തോഷ് ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വായനക്കാരായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും വായനാ വസന്തം അവാര്‍ഡും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കത്രീന ജോര്‍ജ്ജ് നല്‍കി. സ്‌കൂള്‍ ലൈബ്രറി റീഡിങ് കോര്‍ണറിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് നിര്‍വ്വഹിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹൃദ്യ അജീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അധ്യക്ഷത വഹിച്ചു. വിദ്യാ കിരണം ജില്ലാ കോഡിനേറ്റര്‍ എന്‍.കെ രമേഷ് സ്റ്റാര്‍സ് പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.പി സന്തോഷ് പ്രീ പ്രൈമറി കെട്ടിടത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ യ്ക്കുള്ള അവാര്‍ഡ് ലഭിച്ച സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡന്റ് പി.കെ സാജുവിനെ മന്ത്രി മൊമെന്റോ നല്‍കി ആദരിച്ചു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി.എസ് സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വെള്ളാങ്കല്ലൂര്‍ ബി ആര്‍ സി അംഗങ്ങള്‍, പിടിഎ പ്രസിഡന്റ് എം.എ രാധാകൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ എന്‍.എല്‍ ശ്രീലക്ഷ്മി, വിവിധ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *