Your Image Description Your Image Description

 

എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീ- പുരുഷ- ട്രാൻസ്ജെൻഡർ വിത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും സർക്കാർ ചേർത്തു പിടിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിനെ സംബന്ധിച്ച് സവിശേഷമായ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതുണ്ട്. സർക്കാരിന് ഈ കാര്യത്തിൽ വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനോട് സമൂഹത്തിനുള്ള അവഗണനയും അവർ അനുഭവിക്കുന്ന ഉൾവലിയലും ഇല്ലാതാക്കാൻ ബോധപൂർവ്വമായ ഇടപെടൽ നമ്മുടെ സമൂഹത്തിൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയിൽ അവരുടെ ജീവനും ജീവിതവും വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സേവനങ്ങളും പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കും. അതുവഴി സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ഉന്നമനം കൈവരിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമൂഹത്തിലേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗത്തെ ശാക്തീകരിക്കുക, സമ്പൂർണ പിന്തുണ നൽകുക, പൂർണമായ സാമൂഹിക പുനരധിവാസത്തിന് നേതൃത്വം കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കി വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷയായ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലാണ് ആദ്യമായി ട്രാൻസ്ജെൻഡർ നയം രൂപികരിക്കപ്പെട്ടത്. സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് അംഗീകാരം ഉണ്ടാകണമെന്നാണ് സർക്കാർ നിലപാട്. വിദ്യാഭ്യാസത്തിലും തൊഴിലിലും നൈപുണ്യ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ജീവിത ഭഭ്രതയ്ക്കും സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിനൊപ്പമുണ്ട്. മനോഹരമായ വിവിധ കലാപരിപാടികളാണ് കലോത്സവത്തിൽ അരങ്ങേറിയതെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രതിഭ അത് പല രീതിയിൽ ആവിഷ്കരിക്കപ്പെടുകയാണ്. അതിന് വേണ്ട പിൻബലം നൽകി കൊണ്ട് അവർക്കത് പ്രൊഫഷനായി തെരഞ്ഞെടുക്കാനും അതിലൂടെ ജീവിത മാർഗം കണ്ടെത്താനും സാധിക്കുമെങ്കിൽ അതിന് ഒപ്പം നിൽക്കാൻ സാമൂഹ്യ നീതി വകുപ്പ് ഉണ്ട്. ടൂറിസം കേന്ദ്രങ്ങൾ, കൾച്ചറൽ സെൻ്ററുകൾ തുടങ്ങിയിടങ്ങളിൽ ഇവർക്കായി സ്ഥിരമായ വേദികൾ സൃഷ്ടിക്കുക എന്ന ആശയം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുമെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി തിരിച്ചറിയൽ കാർഡ് , ഹെൽപ്പ് ലൈൻ സെൻ്റർ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഹോസ്റ്റൽ സൗകര്യം, ഷെൽട്ടർ ഹോം തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *