Your Image Description Your Image Description

പ്ലസ് ടു പരീക്ഷ കഴിയും മുൻപേ കേരളത്തിലെ കോളേജുകളിൽ മാനേജമെന്റുകളും വിദേശ പഠന സഹായമൊരുക്കുന്ന ഏജൻസികളും ചേർന്ന് ഒരുക്കുന്ന സെമിനാറുകളാണ് വിദ്യാർത്ഥികളെ കൂടുതലും വിദേശത്ത് പോയി പഠിക്കാനുള്ള ആഗ്രഹം മനസ്സിലിട്ട് കൊടുക്കുന്നത് .

ഏതാനും വർഷമായി കാമ്പസിനോടും സ്‌കൂളിനോടും വിട പറയാനോരുങ്ങുന്ന വിദ്യാർത്ഥികളുടെ മനസിൽ പ്രതീക്ഷയുടെ വിത്ത് പാകുന്നവർ , പക്ഷെ കൃത്യമായ ഗൈഡൻസുകൾ നൽകുന്നില്ല . എങ്ങനെ വിദേശത്തു പോകാം എന്ന ഒരൊറ്റ വഴി മാത്രം തെളിച്ചു നൽകുന്ന ആ സെമിനാറുകൾ വിദേശത്തു ചെന്നാൽ എവിടെ പഠിക്കണം, എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, പഠിച്ചാൽ പ്രയോജനമുണ്ടോ, എന്ത് പഠിച്ചാണ് വിദേശത്തു ജോലിക്ക് ശ്രമിക്കേണ്ടത്, പഠിക്കുന്ന കോഴ്‌സുമായി തിരികെ വരേണ്ടി വന്നാൽ നാട്ടിൽ എന്ത് ജോലി ലഭിക്കും എന്നൊന്നും പറഞ്ഞ് കൊടുക്കുന്നില്ല .

കാരണം ഏജൻസികളുടെ ലക്ഷ്യം കയറ്റുമതിയാണ്. എങ്ങനെയും ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഏതെങ്കിലും വിദേശത്തേക്ക് കയറ്റുമതി ചെയ്യണം.

അതിനായി കൂടുതലും തെരഞ്ഞെടുക്കുന്നത് യുകെയും കാനഡയുമാണ് . ഇവരുടെ ഒറ്റ സെമിനാറിൽ തന്നെ പങ്കെടുക്കുന്ന പകുതി വിദ്യാർത്ഥികളുടെ അപേക്ഷകളെങ്കിലും കയ്യോടെ ലഭിക്കും. സർക്കാർ ജീവനക്കാരുടെയും സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിലെയും വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രിൻസിപ്പൾമാരുടെ സഹായത്തോടെ കണ്ടെത്തി അത്തരം വിദ്യാർത്ഥികളെ പ്രത്യേകമായി ക്യാൻവാസ് ചെയ്യും .

യുകെയിലെത്തി പിറ്റേന്ന് മുതൽ ജോലിക്ക് പോകുന്നതും ഒരു വർഷത്തെ പഠനം കഴിഞ്ഞു സ്‌റ്റൈലിഷ് ഓഫിസിൽ ജോലി ചെയ്യുന്നതും അഞ്ചു വർഷം കൊണ്ട് ബ്രിട്ടീഷുകാരനായി മാറുന്നത് സ്വപ്നം കണ്ടും ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികൾ വിമാനം കയറി തുടങ്ങിയപ്പോൾ കേരളത്തിലെ ഏജൻസി നടത്തിപ്പുകാർ നൊടിയിടയിലാണ് സഹസ്ര കോടീശ്വരന്മാരായി മാറിയത്.

ഇപ്പോൾ ഈ അന്തരീക്ഷം പാടേ മാറി. ഇടിച്ചു തിക്കി വരുന്ന വിദേശ വിദ്യാർത്ഥികളെ കണ്ടു ഭയന്ന ബ്രിട്ടൻ നിയമം അടിമുടി മാറ്റി. ഇവിടേയ്ക്ക് കുടിയേറാമെന്ന ചിന്തയോടെ ആരും തിരക്കിട്ടു ഇങ്ങോട്ടു വരണ്ടന്ന് ബ്രിട്ടൻ കർക്കശമായി പറഞ്ഞു.

അത് പറയിപ്പിക്കാൻ പ്രധാന കാരണമായത് ബ്രിട്ടനിൽ എത്തി തങ്ങൾ ആശിച്ചതു ഒന്നുമല്ല ഇവിടെ കാണാനായതന്ന് മനസിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ളവർ അതിവേഗം കുടിയേറ്റക്കാരായി വേര് പിടിക്കാൻ നടത്തിയ ശ്രമങ്ങൾ തന്നെയാണ്.

പഠിക്കാൻ വന്നവർ ആ വഴി മറന്നു , മറ്റു വഴികൾ തേടിയപ്പോൾ അതിവേഗം സ്‌കൂളുകളും ആശുപത്രികളും ജനബാഹുല്യത്തിന്റെ തീക്ഷ്ണത അറിഞ്ഞു തുടങ്ങി. വീടുകൾ തേടി വിദ്യാർത്ഥികൾ അനേകം മൈലുകൾ സഞ്ചരിക്കുന്ന കഥകൾ യൂണിവേഴ്‌സിറ്റികളിൽ അങ്ങാടി പാട്ടായി. റിപ്പോർട്ടുകൾ മാധ്യമങ്ങളിലും യൂണിവേഴ്‌സിറ്റി അധികൃതർ വഴി സർക്കാർ വകുപ്പുകളുടെ തലപ്പത്തും എത്തി.

ആളെണ്ണം കൂടിയപ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളും കൂട്ടിനു എത്തിയപ്പോൾ സ്നേഹത്തോടെ കൈകൊടുക്കാൻ വന്നവർ തന്നെ തിരിഞ്ഞു നിന്നു തുടങ്ങി. പഠന ചെലവിന്റെ വലിയൊരു ഭാഗം താമസത്തിനു വേണ്ടി വരുമെന്നായപ്പോൾ കിടപ്പുമുറികളിൽ പോലും ആൾപെരുപ്പമായി .

രണ്ടോ മൂന്നോ പേർക്കുള്ള മുറിയിലേക്ക് ഏഴും എട്ടും പേര് ഇടിച്ചു കയറിയപ്പോൾ , സ്വകാര്യത പോലുമില്ലാത്ത വിധം കുടിയേറ്റ ചെറുപ്പക്കാരുടെ ജീവിതം അസഹ്യതകൾ നിറഞ്ഞു . ആട് ജീവിതത്തിന്റെ മറ്റൊരു വേർഷൻ പലയിടത്തുമുണ്ടായി .

അനധികൃതമായി ജോലി ചെയ്യാതെ, ശീലമില്ലാത്ത പട്ടിണിയിൽ നിന്നും രക്ഷപ്പെടുക അസാധ്യമായി. നിർഭാഗ്യം ചെയ്തവർ പൊലീസ് പിടിയിലായി, നേരെ അടുത്ത വിമാനത്തിൽ നാട്ടിൽ ചെന്നിറങ്ങേണ്ട അവസ്ഥയായി. കുറ്റം മുഴുവൻ കുട്ടികളുടെ തലയിൽ ചാർത്തി നാട്ടുകാരും വേണ്ടപ്പെട്ടവരും കൈ കഴുകി കാഴ്ചക്കാരായി.

ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കവേ ഏഴു ലക്ഷം വിദേശികൾ ഒരൊറ്റ വർഷം നാട്ടിലെത്തി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ബ്രിട്ടീഷ് മാധ്യമങ്ങളുടെ തലകെട്ടായി പിറന്നത്. പിന്നെല്ലാം വേഗത്തിൽ ആയിരുന്നു. സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് കൂടെ ആശ്രിതരായി ഭർത്താവിനെയോ ഭാര്യയെയോ കൊണ്ട് വരാൻ സാധിക്കില്ലന്ന പ്രഖ്യാപനമെത്തി.

ഇതോടെ കുടുംബമായി എത്തി ചുവടുറപ്പിക്കാൻ പറ്റില്ലന്ന് വ്യക്തമായപ്പോൾ തന്നെ നാട്ടിലെ തിരക്കിന് ശമനമായി. ഇതിനൊപ്പം പഠന ശേഷം രണ്ടു വർഷം നിന്നും എന്തെങ്കിലും പണിയെടുത്തു കടം വീട്ടാൻ സഹായിക്കുമായിരുന്ന പോസ്റ്റ് സ്റ്റഡി വിസ കൂടി ഇല്ലാതാവുകയാണന്ന പ്രചാരണം ശക്തമായി.

അതോടെ കടം മേടിച്ചെത്തി അതിലും വലിയ കടവുമായി മടങ്ങണമെന്ന അവസ്ഥയായി . ദിവസവും വിദേശ വാർത്തകൾ വായിക്കുന്ന മലയാളി കുടുംബങ്ങൾക്ക് വേഗം അപകടം മനസ്സിൽ കത്തി.
ഇതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ യൂണിവേഴ്‌സിറ്റി അഡ്‌മിഷനിൽ തെളിഞ്ഞ ഇന്ത്യയിലെയും നൈജീരിയയിലെയും കുത്തനെയുള്ള ഇടിവ്.

ഈ രണ്ടു രാജ്യങ്ങളിലും നിന്നാണ് ബ്രിട്ടനിലേക്ക് വിദ്യാർത്ഥി കയറ്റുമതി പ്രധാനമായും നടന്നത്. യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജ് അഡ്‌മിഷൻ സർവീസ് എന്ന യൂകാസ് കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യയിൽ നിന്നും യുകെ വിസ നേടിയത് വെറും 8770 പേരാണ്. നൈജീരിയയിൽ നിന്നും എത്തിയത് വെറും 1570 പേരും.

കഴിഞ്ഞ വർഷം ഈ സമയത്ത് ഈ രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങായിരുന്നു . ഏതായാലും യു കെ , കാനഡ മോഹം പല വിദ്യാർത്ഥികൾക്കും ഇല്ലാതായി , ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൂടി നയം മാറ്റിയാൽ യുവതീയുവാക്കളെ ഇവിടെത്തന്നെ പഠിക്കാനും ജോലി ചെയ്യാനും ജീവിക്കാനുമുള്ള സാഹചര്യമൊരുങ്ങിയേനെ .

Leave a Reply

Your email address will not be published. Required fields are marked *