Your Image Description Your Image Description

കണ്ണൂർ ലോക്‌സഭാ സീറ്റിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വീണ്ടും മത്സരിക്കുമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം പ്രചരിപ്പിക്കുന്നത്‌ മൂന്നാംസീറ്റിനായുള്ള മുസ്ലിംലീഗിന്റെ സമ്മർദം മറി കടക്കാനുള്ള തന്ത്രമാണ് .

കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിനെ മത്സരിപ്പിക്കാൻ സുധാകരൻ ഉറച്ചിരിക്കുമ്പോഴാണ്‌ മൂന്നാംസീറ്റിനായി മുസ്ലിംലീഗ്‌ അവകാശവാദം ശക്തമാക്കിയത്‌. സിറ്റിങ്‌ സീറ്റിൽ നിലവിലെ എംപിമാർ മത്സരിക്കാനാണ്‌ കോൺഗ്രസിലെ ധാരണ.

കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ സുധാകരന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സുധാകരൻ മാറിയാൽ ബാക്കിയുള്ളത്‌ കണ്ണൂരും ആലപ്പുഴയുമാണ്‌. ഇതിൽ കണ്ണൂരിലാണ്‌ ലീഗിന്റെ നോട്ടം. സുധാകരൻ തന്നെ മത്സരിക്കുമെന്ന്‌ പറഞ്ഞാൽ ലീഗ്‌ അവകാശവാദം ഉപേക്ഷിക്കുമെന്ന്‌ കോൺഗ്രസ്‌ കണക്കുകൂട്ടുന്നു.

ലീഗിനുപുറമെ കോൺഗ്രസിലെ സ്ഥാനമോഹികളെയും ഒതുക്കാനുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌, മുൻ മേയർ ടി ഒ മോഹനൻ, ഷമ മുഹമ്മദ്‌, റിജിൽ മാക്കുറ്റി തുടങ്ങി ഒരു ഡസനോളം പേരാണ്‌ സ്വന്തംനിലയിലും ഗ്രൂപ്പ്‌ മാനേജർമാർ മുഖേനയും കണ്ണൂരിൽ മത്സരിക്കാൻ ഒരുങ്ങിനിൽക്കുന്നത്‌. അതിനിടെയാണ്‌ ജയന്തിന്റെ വരവ്‌.

ഇതര ജില്ലക്കാരനായ ജയന്തിനെ കെട്ടിയിറക്കുന്നതിൽ ജില്ലയിലെ നേതാക്കൾക്ക്‌ ഗ്രൂപ്പിനതീതമായി എതിർപ്പുണ്ട്‌. സുധാകരനെ പേടിച്ച്‌ മിണ്ടാതിരിക്കുകയാണ്‌. അവസാന നിമിഷം ഹൈക്കമാൻഡിനേയോ കെ സി വേണുഗോപാലിനേയോ സ്വാധീനിച്ച്‌ സീറ്റ്‌ നേടാൻ കഴിയുമെന്നാണ്‌ സ്ഥാനമോഹികളിൽ പലരും കണക്കുകൂട്ടുന്നത്‌. ജയന്ത്‌ വരുന്നതിനോടുള്ള എതിർപ്പ്‌ മുതലാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ .

കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ്‌ പരിപാടികളിൽ ജയന്ത്‌ സജീവമായി പങ്കെടുക്കുന്നതിലും ജില്ലാ നേതൃത്വത്തിലെ പലരും മുറുമുറുപ്പിലാണ്‌. സുധാകരൻ സീറ്റ്‌ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ ജയന്തിന്റെ സാന്നിധ്യം.

കണ്ണൂരിലെ നേതൃത്വം ഇടഞ്ഞാൽ ബദൽമാർഗമെന്നനിലയിൽ കോഴിക്കോട്ടുനിന്ന്‌ കെപിസിസി സെക്രട്ടറി സുബ്രഹ്മണ്യനും കണ്ണൂരിൽ തമ്പടിച്ചിട്ടുണ്ട്‌. ഹൈക്കമാൻഡ്‌ ഉറച്ച നിലപാട്‌ എടുത്താൽമാത്രമേ സുധാകരൻ മത്സരിക്കാനുണ്ടാകൂ. അപ്പോഴും കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയില്ലെന്ന നിലപാടെടുക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന ലക്ഷ്യമാണ്‌ അതിന്റെ പിന്നിൽ .

Leave a Reply

Your email address will not be published. Required fields are marked *