Your Image Description Your Image Description
Your Image Alt Text

കായംകുളം : ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കായംകുളത്ത് ഉയരപ്പാത വേണമെന്ന സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ചതായി ജനകീയ സമരസമിതി. കളക്ടർ വിളിച്ചുചേർത്ത ജില്ലാതല സർവകക്ഷിയോഗത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും സമരസമിതിയും ജനപ്രതിനിധികളും ഷഹിദാർപള്ളി മുതൽ ടെക്സ്മോ ജങ്ഷൻവരെ ഉയരപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ഇതു തീരുമാനമായി മിനിറ്റ്‌സ് ചെയ്യണമെന്ന സി.പി.ഐ. പ്രതിനിധിയുടെ നിർദേശം കളക്ടർ അംഗീകരിക്കുകയും ഇതോടൊപ്പം ദേശീയപാതാ അധികൃതരുടെ വിശദീകരണം ഉൾപ്പെടുത്തി റിപ്പോർട്ട് വിദഗ്‌ധസമിതിക്കു നൽകുമെന്നുമാണ് തീരുമാനമായത്.എന്നാൽ, ദിവസങ്ങൾക്കുശേഷം പുറത്തുവന്ന മിനിറ്റ്‌സിന്റെ കോപ്പിയിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല. പകരം എം.പി.യുടെയും എം.എൽ.എ.യുടെയും നിർദേശങ്ങൾ വിദഗ്‌ധസമിതിക്കു വിടുമെന്ന്‌ മാറ്റിയിരിക്കുന്നതായി ജനകീയ സമരസമിതി ആരോപിച്ചു. സർവകക്ഷിയോഗത്തിന്റെ തീരുമാനം വളച്ചൊടിക്കാൻ കളക്ടർ കൂട്ടുനിന്നതായി ജനകീയസമരസമിതി ഭാരവാഹികൾ പറഞ്ഞു. നഗരസഭാധ്യക്ഷ പി. ശശികല ഉയരപ്പാത വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതും മിനിറ്റ്‌സിൽ ഉൾപ്പെട്ടിട്ടില്ല. സി.പി.എം.പ്രതിനിധി കെ.എച്ച്. ബാബുജാൻ, കോൺഗ്രസ് പ്രതിനിധി എ.പി. ഷാജഹാൻ, സി.പി.ഐ.പ്രതിനിധി അജികുമാർ, സമരസമിതി ഭാരവാഹികൾ എന്നിവർ ഉയരപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഇവയൊന്നും മിനിറ്റ്‌സിൽ ഇല്ല. മിനിറ്റ്‌സ്‌ റദ്ദുചെയ്യണമെന്നും മിനിറ്റ്‌സ്‌ തിരുത്തിയ നടപടിയെക്കുറിച്ച് അന്വഷണം നടത്തണമെന്നും സമരസമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത്, കൺവീനർ ദിനേശ് ചന്ദന എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *