Your Image Description Your Image Description

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ആര് കോട്ട കാക്കും തിരുനക്കര അന്തിച്ചന്തയിലെ ചൂടേറിയ ചർച്ച ഇതാണ് . അതിനിടയിലാണ് മനോരമ നടത്തിയ അഭിപ്രായ വോട്ടെടുപ്പുഫലവും പുറത്തുവന്നത്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റം കോട്ടയത്ത് എന്തുമാറ്റമുണ്ടാക്കുമെന്നാണ് മനോരമ പറയുന്നത് ? നിലവിലെ യുഡിഎഫ് വോട്ടില്‍ 5.47 ശതമാനം ഇടിവുണ്ടാകുമെന്നാണ് മനോരമ പറയുന്നത് . എന്നാല്‍ എല്‍ഡിഎഫിനേക്കാള്‍ 3.65 ശതമാനം വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിനുണ്ടാകുമെന്നും സര്‍വേയിൽ പറയുന്നു.

യുഡിഎഫിന് 40.76 ശതമാനവും ഇടതുമുന്നണിക്ക് 37.11 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്. എന്‍ഡിഎയും വോട്ടു ശതമാനം വർധിപ്പിക്കുമെന്നും പറയുന്നു . എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം, കോട്ടയം, ഏറ്റുമാനൂര്‍, പാലാ, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോട്ടയം ലോക്സഭാ മണ്ഡലം .

ഇതില്‍ മിക്കതും യുഡിഎഫ് മണ്ഡലങ്ങളാണ്. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളിലും നടത്തിയ പ്രീ–പോള്‍ സര്‍വേയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകളെന്നാണ് വോട്ടർമാരോട് ചോദിച്ചത് .

നാലുവട്ടം നിയമസഭയിലേക്ക് ജയിച്ചശേഷമാണ് തോമസ് ചാഴിക്കാടന്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് എംപിയായത്. ഇപ്പോഴത്തെ മന്ത്രി വി.എന്‍.വാസവനായിരുന്നു കഴിഞ്ഞ തവണത്തെ എതിരാളി. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിന് വാസവനെ തോല്‍പ്പിച്ച് ചാഴിക്കാടന്‍ ലോക്സഭയില്‍ അരങ്ങേറ്റം കുറിച്ചു.

ചാഴിക്കാടന്റെ പാര്‍ട്ടി പിന്നീട് വാസവന്റെ മുന്നണിയില്‍ ചേര്‍ന്നുവെന്നത് മറ്റൊരു കൗതുകം. 2019ല്‍ ഒന്നരലക്ഷം വോട്ട് നേടിയ പി.സി.തോമസ് എന്‍ഡിഎയില്‍ നിന്ന് യുഡിഎഫിലേക്കും ചേക്കേറി.
പാര്‍ട്ടി കളംമാറിയെങ്കിലും എംപിയെന്ന നിലയില്‍ തോമസ് ചാഴിക്കാടന്‍ കോട്ടയത്തിന്റെ ഗുഡ്ബുക്കിലാണ് .

സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും എംപിയുടെ പ്രകടനത്തില്‍ തൃപ്തരാണ്. ഏറ്റവും മികച്ചതെന്ന് ഏഴുശതമാനം പേരും മികച്ചതെന്ന് 48.74 ശതമാനം പേരും അഭിപ്രായപ്പെട്ടു. 29.97 ശതമാനം ശരാശരി പ്രകടനമെന്നാണ് വിലയിരുത്തിയത്. എംപിയുടെ പ്രകടനം മോശമെന്ന് കരുതുന്നവര്‍ 11.9 ശതമാനമാണ്. വളരെ മോശമെന്ന് കരുതുന്നത് 2.38 ശതമാനവും .

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ തോമസ് ചാഴിക്കാടന്‍ 65 ചര്‍ച്ചകളില്‍ പങ്കെടുത്തു. 199 ചോദ്യങ്ങളുന്നയിച്ചു. 14 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. സര്‍ക്കാര്‍ അവതരിപ്പിച്ച 6 ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു.

3 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. റെയില്‍വേയ്സ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി, സാമൂഹ്യനീതി സ്റ്റാന്‍ഡിങ് കമ്മിറ്റി, ഊര്‍ജ സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമാണ് . വരുന്ന തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ അതായത് എൽ ഡി എഫിന്റെ സ്ഥാനാർത്ഥി ചാഴികാടൻ തന്നെയാണ് .

ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് ശ്രമം . ഇപ്പോഴേ കളത്തിൽ നിറഞ്ഞു നിൽക്കുകയാണ് ചാഴികാടൻ . എതിർ സ്ഥാനാർത്ഥി ആരെന്ന് ഉറപ്പില്ല . യു ഡി എഫിൽ പല പേരുകളും പറഞ്ഞു കേൾക്കുന്നു . ഈ മണ്ഡലം തന്നെ ആർക്കാണെന്ന് ഉറപ്പിച്ചിട്ടില്ല , ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും ആവശ്യമുന്നയിച്ചു രംഗത്തുണ്ട് . ഏതായാലും കാത്തിരുന്ന് കാണാം .

Leave a Reply

Your email address will not be published. Required fields are marked *