Your Image Description Your Image Description
Your Image Alt Text

കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷം 2023 ഡിസംബര്‍ 31-ന് അവസാനിച്ച 9 മാസം കൊണ്ട് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം. 23 ശതമാനമാണ് വര്‍ധന.

അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസം 23 ശതമാനം വര്‍ധനയോടെ 1,145 കോടിരൂപയുടെ സംയോജിത അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 934 കോടി രൂപയായിരുന്നു.

ഒന്‍പത് മാസത്തെ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഒറ്റയ്ക്കുള്ള അറ്റാദായം 16 ശതമാനം വര്‍ധിച്ച് 2,993 കോടി രൂപയിലെത്തി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തെ ഒറ്റയ്ക്കുള്ള അറ്റാദായം 14 ശതമാനം വര്‍ധിച്ച് 1,027 കോടി രൂപയാണ്.

ലോണ്‍ ആസ്തിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. 2023 ഡിസംബറിലെ കണക്കനുസരിച്ച് 23 ശതമാനം വര്‍ധിച്ച് 13,451 കോടി രൂപയിലെത്തി. സ്വര്‍ണവായ്പ ആസ്തിയില്‍  2023 ഡിസംബറിലെ കണക്കനുസരിച്ച് 22 ശതമാനം വര്‍ധനയോടെ  12,397 കോടി രൂപയുമായി. ഒന്‍പത് മാസം കൊണ്ട് 487 ശാഖകളാണ് കമ്പനി തുറന്നത്. കൂടാതെ 33-ാമത് കടപത്ര വില്‍പ്പനയിലൂടെ 480 കോടി രൂപയും സമാഹരിച്ചു.

തങ്ങളുടെ സംയോജിത വായ്പാ ആസ്തികള്‍ 80,000 കോടി രൂപ, ഒറ്റയ്ക്കുള്ള വായ്പാ ആസ്തികള്‍ 70,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതായി മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

2023 ഡിസംബര്‍ അവസാനത്തോടെ തങ്ങളുടെ മൊത്തത്തിലുള്ള ബ്രാഞ്ച് ശൃംഖലയെ 6,325 ആയി ഉയര്‍ത്തി, തങ്ങളുടെ സബ്സിഡിയറികളുള്‍പ്പെടെ മൂന്നാം ത്രൈമാസത്തില്‍ 156 ശാഖകളാണ് കൂട്ടിച്ചേര്‍ത്തതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്  അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *