Your Image Description Your Image Description
Your Image Alt Text

തെക്കൻ ഫിലിപ്പൈൻസിലെ സ്വർണ്ണ ഖനന ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മിൻഡാനാവോ ദ്വീപിലെ പർവതപ്രദേശമായ മസാര ഗ്രാമത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുള്‍പൊട്ടലിന് അടിയില്‍ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് ‘മഹാത്ഭുത’മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. അതേസമയം 50 മീറ്റർ (164 അടി) ആഴമുള്ള പ്രദേശത്ത് ഇനിയും തിരച്ചിൽ നടത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിൻഡാനാവോ മേഖലയിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ മസാര എന്ന സ്വർണ്ണ ഖനന ഗ്രാമത്തിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തിന്‍റെ നിരവധി ഫോട്ടോകളും വീഡിയോയും ഫിലിപ്പൈൻ റെഡ് ക്രോസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ കൃത്രിമ ശ്വാസം നല്‍കിയ ശേഷം അടുത്തുള്ള മവാബ് മുനിസിപ്പാലിറ്റിയിലെ ആശുപത്രിയില്‍ എത്തിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് പിന്നാലെ കാണാതായവര്‍ ഇതിനകം മരിച്ചിരിക്കാമെന്ന് കരുതുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴും നിരവധി ആളുകള്‍ മണ്ണിനടിയിലാണ്. അതേസമയം 60 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിയെ ജീവനോടെ കണ്ടെത്തിയതില്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ സന്തോഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *