Your Image Description Your Image Description
Your Image Alt Text

വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യയിൽ നിന്ന് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് ഏറെ മുന്നിൽ. കാനഡയിലെ ഇന്ത്യക്കാർ നിലവിൽ കുടിയേറ്റ പ്രശ്‌നം അതിതീവ്രമായി അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, അതിൽ ഗുരുതര പ്രശ്‌നം നേരിടുന്നത് പഞ്ചാബിൽ നിന്നുള്ളവരാണ്. പഞ്ചാബുകാർക്ക് കാനഡ വളരെക്കാലമായി കുടിയേറ്റ രാജ്യങ്ങളിലേക്കുള്ള നറുക്കെടുപ്പാണെങ്കിൽ ഇപ്പോൾ കനേഡിയൻ സ്വപ്നം അസ്തമിക്കുകയാണ്. പഞ്ചാബിലെ കൃഷിയിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കാണാം, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കുടിയേറ്റം വാഗ്ദാനം ചെയ്യുന്ന ബിൽബോർഡുകൾ. യുവാക്കൾക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലനം വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ കൺസൾട്ടൻസികളുടെ പരസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മണ്ണിൽ നിന്നുള്ള വിദേശ കുടിയേറ്റം ഒരു നൂറ്റാണ്ടിലേറെയായി നാം കാണുന്നതാണ്. കാനഡയിലെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഉൾപ്പെട്ട സിഖ് സൈനികർ മുതൽ സ്വാതന്ത്ര്യാനന്തരം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഗ്രാമീണ പഞ്ചാബികൾ വരെ വിദേശ കുടിയേറ്റത്തിന്റെ ബാക്കിപത്രങ്ങളാണ്. എന്നാൽ കാനഡയിൽ നിന്ന് ഇവരിൽ പലരുടെയും നാട്ടിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോൾ.

പഞ്ചാബികളോടുള്ള കനേഡിയൻ ജനതയുടെ സമീപനം ഇപ്പോൾ അത്ര സുഖകരമല്ല. കടുത്ത പ്രാദേശിക വാദത്തിലൂന്നി കനേഡിയൻ മണ്ണിൽ സമരം ചെയ്യുന്ന ഇന്ത്യക്കാരുടെ ഊർജസ്വലതയൊന്നും യഥാർത്ഥത്തിൽ അവർക്ക് വേണ്ട. കാനഡയിൽ വന്ന് തങ്ങളുടെ തന്നെ സർക്കാരിനെതിരെയും നയങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്നവരെ നാടുകടത്തുന്ന സാഹചര്യമാണിത്. കാനഡയിൽ താമസിച്ച് പഠിച്ച് പഠനത്തോടൊപ്പം ജോലിയും ചെയ്യാമെന്ന പഞ്ചാബി വിദ്യാർത്ഥികളുടെ സ്വപ്‌നം കൊഴിഞ്ഞുതുടങ്ങി. ജീവിത ചിലവുകൾ കൂടി.അതിജീവിക്കാൻ വേണ്ടി കോളജ് കഴിഞ്ഞ് എല്ലാ ആഴ്ചയും 50 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നു ഇവരിൽ പലർക്കും. ഉയർന്ന പണപ്പെരുപ്പം നിരവധി വിദ്യാർത്ഥികളെ അവരുടെ പഠനം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയാണ്. കാനഡയിൽ മികച്ച ജീവിതം സ്വപ്‌നം കണ്ട് ഇങ്ങനെ പോയവരിൽ ഭൂരിഭാഗവും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരും അതിന് ശ്രമിക്കുന്നവരുമാണ്. ഇപ്പോൾ കാനഡയിൽ പോയ പഞ്ചാബികളിൽ മിക്കവരും റിവേഴ്‌സ് കുടിയേറ്റക്കാരാണ്. ഇമിഗ്രേഷൻ ഏജന്റുമാർ നൽകുന്ന വിവരങ്ങളിലെ കനേഡിയൻ സ്വപ്‌നങ്ങളും ടൊറന്റോയിലെയും വാൻകൂവറിലെയും കുടിയേറ്റ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്.

റിവേഴ്സ് കുടിയേറ്റങ്ങൾ

കനേഡിയൻ പൗരത്വത്തിനായുള്ള ആഗ്രഹം പഞ്ചാബ് ഗ്രാമങ്ങളിലെ യുവാക്കൾക്കിടയിൽ എന്നത്തേയും പോലെ ഇന്നും ശക്തമായി തുടരുന്നുണ്ടെങ്കിലും കാനഡയിൽ ജോലി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും മറ്റ് വെല്ലുവിളികളെ കുറിച്ചും മറ്റുമുള്ള സോഷ്യൽ മിഡിയയിലെ വൈറൽ വിഡിയോകൾ ഈ വിദ്യാർത്ഥികൾക്കിടയിൽ ഒരു പരിഭ്രാന്തി സൃഷ്ടിച്ചതായി ഇമിഗ്രേഷൻ ഏജന്റുമാർ പറയുന്നു.
2023 ന്റെ രണ്ടാം പകുതിയിൽ കനേഡിയൻ സ്റ്റഡി പെർമിറ്റുകൾക്കായുള്ള ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 40% കുറവുണ്ടായെന്നാണ് കണക്ക്. ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളും കനേഡിയൻ മണ്ണിലെ റിവേഴ്‌സ് കുടിയേറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.

പാശ്ചാത്യ ജീവിതരീതിയുമായുള്ള പൊരുത്തക്കേടും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ കർശന നയങ്ങളും കനേഡിയൻ ഇന്ത്യക്കാരിൽ പലരും രാജ്യം വിടാൻ തയ്യാറെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്. ഇന്ത്യയിലേതിൽ നിന്നും വിപരീതമായി, ഒരസുഖം വന്നാൽ യുകെയിലും കാനഡയിലുമുള്ളവർക്ക് നേരെ പോയ ചികിത്സ തേടാൻ കഴിയില്ല. ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.

കാനഡയിൽ നിന്ന് റിവേഴ്‌സ് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ബാക്ക് ടു ദ മദർലാൻഡ് അടക്കമുള്ള ഓൺലൈൻ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് എങ്ങനെ നാട്ടിലേക്ക് തിരിച്ചുവരാമെന്നതിലും നാട്ടിൽ വന്നാൽ എന്ത് ജോലി ചെയ്ത് ജീവിക്കുമെന്നതിലും അടക്കം ഈ ഏജൻസിക്കാർ സഹായത്തിനുണ്ടാകും. 2021ലെ കണക്കനുസരിച്ച് കാനഡയുടെ ജനസംഖ്യാ വളർച്ചയുടെ 75% ഉം കുടിയേറ്റമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതായത് സമീപവർഷങ്ങളിൽ ലോകമെമ്പാടുനിന്നും കാനഡയിലേക്ക് കുടിയേറിയവരിൽ അഞ്ചിൽ ഒരാൾ ഇന്ത്യക്കാരാണ്. 2022ൽ കാനഡയിലേക്ക് കുടിയേറിവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. വിദേശ വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഓരോ വർഷവും 20 ബില്യൺ കനേഡിയൽ ഡോളറിന് മുകളിലാണ് സംഭാവന ചെയ്യുന്നത്.

കണക്കുകൾ

2019 മുതൽ ഈ റിവേഴ്‌സ് മൈഗ്രേഷൻ നിരക്ക് വളരെ കൂടുതലാണ്. 2021ലും 2022ലും 80,000നും 90,000നും ഇടയിൽ കുടിയേറ്റക്കാർ കാനഡ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 202 ന്റെ ആദ്യ പകുതിയിൽ മാത്രം ഏകദേശം 42,000 ആളുകൾ കാനഡ വിട്ടു.വിദേശവിദ്യാർത്ഥി പെർമിറ്റുകളിൽ പരിധി കൊണ്ടുവന്ന ജസ്റ്റിൻ ട്രൂഡോയുടെ നയങ്ങളും റിവേഴ്‌സ് കുടിയേറ്റത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇമിഗ്രേഷൻ അഡ്വക്കസി ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കാനഡ വിടുന്ന കുടിയേറ്റക്കാരുടെ നിരക്ക് 2019ൽ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

കാനഡയിൽ ലഭിക്കുന്ന ആകെ വരുമാനത്തിന്റെ ശരാശരി 60 ശതമാനം വാടകയ്ക്ക് വേണ്ടിവരും. വാൻകൂവറിൽ ഇത് 98 ശതമാനമായും ടൊറന്റോയിൽ 80 ശതമാനമായും ഉയരുമെന്നാണ് റോയൽ ബാങ്ക് ഓഫ് കാനഡയുടെ സെപ്റ്റംബറിലെ ഡാറ്റ സൂചിപ്പിക്കുന്നത്. പലയിടത്തും ഒറ്റമുറി ബേസ് അപ്പാർട്ട്‌മെന്റിന് മാത്രം വരുമാനത്തിന്റെ മുപ്പത് ശതമാനം വാടക ഇനത്തിൽ നൽകണം. ഒരു ബിരുദ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഈ നിരക്കുകൾ ഒട്ടും ആശ്വാസകരമല്ല.

Leave a Reply

Your email address will not be published. Required fields are marked *