Your Image Description Your Image Description
Your Image Alt Text

നഗര മധ്യത്തിൽ ഭൂമി, ഇരുനില വീട്, മോട്ടോർ സൈക്കിൾ, 20,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ, ആറാഴ്ചകൊണ്ട് നേടിയത് രണ്ടര ലക്ഷം രൂപ….മധ്യപ്രദേശിലെ ഇൻഡോറിൽ മക്കളെ കൊണ്ട് പിച്ചയെടുപ്പിച്ച് ‘ഇന്ദ്ര ബായി’ എന്ന സ്ത്രീ സമ്പാദിച്ചുകൂട്ടിയ സ്വത്തുക്കളുടെ കണക്കുകൾ ആണ് ഇവ. സ്ഥിരം കുറ്റവാളിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മക്കളെ ഉപയോഗിച്ചുള്ള ഭിക്ഷാടനത്തിലൂടെ ഇവർ സമ്പാദിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്തുവന്നത്.

ഫെബ്രുവരി 9 നാണ് ‘ഇന്ദ്ര ബായി’ പിടിക്കപ്പെടുന്നത്. യാചകരെ പുനരധിവസിപ്പിക്കാൻ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ സന്നദ്ധപ്രവർത്തകർ ഇന്ദ്ര ബായിയുടെ കള്ളക്കളി കയ്യോടെ പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ ഇന്ദ്ര ബായിയുടെ പക്കൽ 19,600 രൂപയും പെൺകുട്ടിയുടെ കൈയ്യിൽ നിന്ന് 600 രൂപയും ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നാലെ വിവരം പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഏഴു വയസ്സുള്ള മകളെ എൻ.ജി.ഒയ്ക്ക് കൈമാറി. കക്കുന്നതിനേക്കാൾ നല്ലതാണ് ഭിക്ഷാടനം എന്ന് ഇതിനിടെ യുവതി തർക്കിക്കുന്നുണ്ടായിരുന്നു.

പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്ദ്ര ബായി പങ്കുവെച്ചത്. തനിക്ക് 10, 7, 8, 3, 2 വയസ്സുള്ള അഞ്ച് പെണ്മക്കൾ ഉണ്ട്. ഭർത്താവിനൊപ്പമായിരുന്നു ഭിക്ഷാടനം. ഇൻഡോറിലെ തിരക്കേറിയ ‘ലവ് കുഷ്’ സ്‌ക്വയർ ആണ് ഭിക്ഷാടനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലേക്കുള്ള റൂട്ടായതിനാൽ ഈ വഴി തീർത്ഥാടകരുടെ തിരക്ക് കൂടുതലാണ്. ഇവിടെ കുട്ടികളെ കൊണ്ട് പിച്ചയെടുപ്പിച്ചാൽ നല്ല വരുമാനം ലഭിക്കും. ക്ഷേത്രദർശനത്തിന് പോകുന്ന തീർത്ഥാടകർ ഭിക്ഷയായി വലിയ തുക കുട്ടികൾക്ക് നൽകും. 45 ദിവസം കൊണ്ട് 2.5 ലക്ഷം രൂപ ഇങ്ങനെ സമ്പാദിച്ചതായും ഇന്ദ്ര വെളിപ്പെടുത്തി. ഇന്ദ്ര ബായി പിടിക്കപ്പെടുമ്പോൾ ഭർത്താവും ഒപ്പം ഉണ്ടായിരുന്ന കുട്ടികളും ഓടി രക്ഷപ്പെടു. ഇവർക്കായി തെരച്ചിൽ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *