Your Image Description Your Image Description
Your Image Alt Text

കുളു: പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്. സംഭവത്തില്‍ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. പൈലറ്റിന്‍റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭര്‍ത്താവ് സായ് മോഹനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവില്‍ എത്തിയതെന്ന് പട്‌ലികുഹൽ പൊലീസ് അറിയിച്ചു. ചണ്ഡിഗഡിലെ മൊഹാലിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ദമ്പതികള്‍.

കുളുവിലെ ദോഭി ഗ്രാമത്തിലാണ് നവ്യയും സഹപ്രവര്‍ത്തകരും പാരാഗ്ലൈഡിംഗിന് എത്തിയത്. റിവ്യാൻഷ് അഡ്വഞ്ചേഴ്‌സ് എന്ന കമ്പനിയെ സമീപിച്ചു. പാരാഗ്ലൈഡിംഗിനിടെ നവ്യ മുകളില്‍ നിന്ന് വീഴുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിപ്പിക്കാത്തതാണ് അപകട കാരണമെന്ന് കണ്ടെത്തി. പാരാഗ്ലൈഡിംഗ് സർവീസ് കമ്പനിക്കും പൈലറ്റിനും ലൈസൻസുണ്ടായിരുന്നു. സാഹസിക വിനോദത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിലെ പൈലറ്റിന്‍റെ അശ്രദ്ധയാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

പാരാഗ്ലൈഡിംഗ് പൈലറ്റ് രാഹുൽ സിംഗിനെയും റിവ്യാൻഷ് അഡ്വഞ്ചേഴ്‌സ് ഉടമയായ ഗാന്‍ശ്യാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (ജീവനോ സുരക്ഷയോ അപകടപ്പെടുത്തൽ), 304-എ (അശ്രദ്ധ മൂലമുള്ള മരണം) എന്നിവ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. നവ്യയുടെ മൃതദേഹം കുളുവിലെ പ്രാദേശിക ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്തിമ ചടങ്ങുകൾക്കായി കുടുംബത്തിന് വിട്ടുകൊടുത്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ദോഭിയിൽ പാരാഗ്ലൈഡിംഗ് നിർത്തിവച്ചിരിക്കുകയാണ്. (ചിത്രം പ്രതീകാത്മകം)

Leave a Reply

Your email address will not be published. Required fields are marked *