Your Image Description Your Image Description
Your Image Alt Text

ഇംഫാല്‍: ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തില്‍ കുക്കി വിഭാഗം പൂര്‍ണ്ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.  ഉള്ളിലെ ഇരുണ്ട നിഴലുകളെ മറികടന്നെങ്കില്‍ മാത്രമേ ക്രിസ്മസ് അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂവെന്ന് ക്രിസ്മസ് സന്ദേശത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകമാണ്. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. ക്രിസ്മസ് തലേന്നത്തെ ആഘോഷങ്ങള്‍ ഒഴിവാക്കിയ പള്ളി അധികൃതര്‍, സമാധാനവും സന്തോഷവും  തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ നല്‍കി.  കലാപത്തില്‍  180ലേറെ പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ആഘോഷിക്കുമെന്നാണ് കുക്കി വിഭാഗക്കാര്‍ ചോദിക്കുന്നത് . തീവ്രത കുറഞ്ഞും കൂടിയും സംഘര്‍ഷം  തുടരുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ക്രിസ് മസ് വിപണിയുടെ പകിട്ടും മങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ 70 ശതമാനത്തോളം കച്ചവടം കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനിടെ  നാഗാ വിഭാഗത്തില്‍ പെട്ടവര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ കണ്ട് ക്രിസ് മസ്  സന്ദേശവും സമ്മാനങ്ങളും കൈമാറി. സാമുദായിക സൗഹാര്‍ദ്ദം സംരക്ഷിക്കപ്പെടണമെന്നും, സഹവര്‍ത്തിത്വം നിലനിര്‍ത്തപ്പെടണമെന്നും കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം ക്രിസ്മസ് സന്ദേശങ്ങളിലെവിടയും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ മണിപ്പൂരിനെ പരാമര്‍ശിക്കുന്നതേയില്ല. കലാപത്തിലൂടെ  ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ മുറിവുണക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പേോള്‍ മണിപ്പൂര്‍ ഇരുട്ടില്‍ തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *