Your Image Description Your Image Description
Your Image Alt Text

 

അല്ല പി സി ജോർജ്ജേ, ഇത് എന്തു ഭാവിച്ചാണ് ബാലഗോപാലന്റെ തന്തയ്‌ക്കൊക്കെ വിളിയ്ക്കുന്നത് ? ഒരു മര്യാദയൊക്കെ വേണ്ടേ? ഒരു കിലോ റബ്ബറിന് 10 രൂപ വച്ച് കൂടുതൽ നൽകുമെന്ന് ഒരു വാക്ക് പാഞ്ഞതിനാണോ ഈ തെറിവിളി ?. അപ്പോൾ വല്ലതും കാര്യമായിട്ട് കൂട്ടിത്തന്നിരുന്നേലുള്ള സ്ഥിതിയൊന്ന് ആലോചിച്ച് നോക്കിക്കേ?

കിലോക്ക് പത്ത് രൂപ പ്രകാരം കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന് ഏതാണ്ട് 500 കോടി രൂപ വേണം ഒരു വര്ഷത്തേക്ക്. അത്രയും മഹാമനസ്കത കാണിച്ച ബാലഗോപാലനോട് പിതൃപൂജയുടെ ആവശ്യമുണ്ടോ?
പണ്ട് കാലങ്ങളിൽ എന്നുവച്ചാൽ ജോർജ്ജിന്റെ അച്ഛൻ പ്ലാതോട്ടത്തിൽ ചാക്കോച്ചന്റെ ഒക്കെ കാലത്ത് നാടകങ്ങളിൽ ‘കട്ടിയേക്കാരൻ’ എന്നൊരു വേഷം ഉണ്ടായിരുന്നു.

സർക്കസിലെ ബഫൂണിനെ പോലെ ആൾക്കാരെ ചിരിപ്പിക്കാനും സദസിനെ കൈയ്യിലെടുക്കാനും വേണ്ടി നാടകത്തിന് മുമ്പ് സ്റ്റേജിൽ വരും. തറയിലിരിക്കുന്നവന്റെ കൈയ്യടി വാങ്ങാൻ എന്ത് തറവേലയും കാണിക്കും . പ്ലാതോട്ടത്തിൽ ചാക്കോച്ചൻ പഴയ ഒരു നാടക പ്രേമിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

ഏതോ കട്ടിയേക്കരന്റെ പ്രകടനം കണ്ടു ചിരിച്ച് തിമിർത്ത് സൃഷ്ടികർമ്മം നടത്തിയതുകൊണ്ടാണോ എന്നറിയില്ല, ജോർജിന്റെ സ്വഭാവം ആ കട്ടിയേക്കരന്റെയായി. നാലാളെ കണ്ടാൽ ഒരു ഉളുപ്പും ഇല്ലാതെ തറയിൽ ഇരിക്കുന്നവന്റെ കൈയ്യടിക്കുവേണ്ടി എന്തും വിളിച്ചു കൂവും.

ബാലഗോപാൽ ഒരു സാധുമനുഷ്യനായതുകൊണ്ടു കൊള്ളാം. ജോർജ്ജിന്റെ അപ്പനെപ്പോലെ ഏതെങ്കിലും ആസ്വാദകന്റെ മകനായിരുന്നുവെങ്കിൽ എന്തായിരുന്നു പുകിൽ. ജോർജിന്റെ ചില പഴയ പ്രസ്താവനകൾ പരിശോധിച്ചാൽ മനസ്സിലാകും .

റബ്ബർ വെട്ടിക്കളഞ്ഞു മലവേപ്പ് അഥവാ കാട്ടുകടുക്ക കൃഷി ചെയ്യുന്നത് വീഡിയോ സഹിതം യുട്യൂബിലുണ്ട്. റബ്ബറിലും മെച്ചമാണ് , വൻ ലാഭമാണന്നെല്ലാം അതിൽ പറയുന്നുമുണ്ട്. അപ്പോൾ ജോർജ്ജിന് അറിയാം ഇനി ഒരിക്കലും റബ്ബർ വില ഉയരില്ലായെന്ന് – അതിന്റെ കാരണം ആസിയാൻ കരാറായിരുന്നുവെന്നും അയാൾക്കറിയാം.

ഇത്രയും കൃത്യമായി അറിയാവുന്ന ജോർജ്ജ് എന്തുകൊണ്ട് മറ്റ് രാഷ്ട്രീയക്കാരെയും ജനങ്ങളെയും അത് വേണ്ടവണ്ണം ബോധ്യപ്പെടുത്തിയില്ല. പകരം അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയല്ലേ ചെയ്തത്. ഇത്രയൊക്കെ അറിവ് ഉണ്ടായിട്ടും തന്റെ ആജന്മശത്രുവായ മാണിയുടെ മകനെ ആക്ഷേപിക്കാൻ ഇറങ്ങി തിരിച്ചത് രാഷ്ട്രീയ പാപ്പരത്തമാണ്.

ജോസിനും അളിയൻ ഇടയ്ക്കാകുടി സേവ്യറിനും കൃത്രിമ റബ്ബർ ഇറക്കുമതിയുണ്ടെന്നും അതിനാലാണ് ഇവിടെ റബ്ബർ വില ഉയരാത്തതെന്നും പണ്ട് പ്രസംഗിച്ചത് ഇന്നും ചിലർ ചുമക്കുന്നുണ്ട്. റബ്ബർ കൃഷി ചെയ്തു പൊളിഞ്ഞു പത്രപ്രവർത്തനം തുടങ്ങിയ ഒരാൾ എന്ന നിലയിൽ ഞാനൊന്നു പറയട്ടെ,

നമുക്കോരുമിച്ച് ജോസിനെ കണ്ട് കൃത്രിമ റബ്ബർ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പടാം. നിർബന്ധിച്ചാൽ ജോസ് വഴങ്ങും. അത്ര ലോല ഹൃദയനാണ്. പക്ഷെ അതിനു മുമ്പ് രണ്ടുകാര്യങ്ങൾ ഉറപ്പുവരുത്തണം – ഒന്ന്, ജോസിനും കൂട്ടർക്കും കയറ്റുമതി-ഇറക്കുമതി ലൈസൻസ് ഉണ്ടോയെന്ന്? രണ്ട്, അവർ ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുണ്ടോ എന്ന്?

പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇറക്കുമതി അവസാനിപ്പിച്ചാൽ പിറ്റേന്ന് മുതൽ റബ്ബർ വില ഉയരാൻ തുടങ്ങുമെന്ന് ഉറപ്പു വരുത്തണം. അല്ലായെങ്കിൽ പണി പാളിപ്പോകും. കാര്യങ്ങൾ തൃശൂർ അരിയങ്ങാടിയിൽ അപ്പം ചുടുന്ന വേഗത്തിൽ ടിം ടിം എന്ന് പറഞ്ഞു റബ്ബറിന്റെ വില ഉയരുന്ന സാഹചര്യമുണ്ടായാൽ നമുക്ക് ഇവന്റെ ഇറക്കുമതി കൂട്ടായി അവസാനിപ്പിക്കാം.

എന്തിനാ ജോർജ്ജേ, ഈ നുണ വ്യാപാരം നടത്തുന്നത് ? ജോർജ്ജിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവർക്കുമറിയാം. നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലന്നും , വായ് പോയ കോടാലിയാണെന്നും എല്ലാ രാഷ്ട്രീയക്കാരും പറയുന്നുണ്ട് ,

പക്ഷേ, ഇയാളുടെ വാക്ക് കേട്ട് വിളിച്ചുകൂവി നടക്കുന്ന ടീമുകളെല്ലാം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ. ഒരു കാലത്ത് നിങ്ങൾ ചുമന്നുകൊണ്ട് നടന്ന ടിം , കോൺഗ്രസും ചിദംബരവുമാണ് ഇതിനെല്ലാം അടിസ്ഥാന കാരണം. ഇനി ആര് വിചാരിച്ചാലും റബ്ബറിന് വില ഉയരാൻ പോകുന്നില്ല.

കേരളത്തിലെ റബർ ഉത്പാദനച്ചെലവ് 175 മുതൽ 200 രൂപവരെയാണ്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അത് 100 രൂപയിൽ താഴെയാണ്. ആ നിലക്ക് ഇനി ഇവിടെ റബ്ബർ കൃഷി ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന് കർഷകരെ പറഞ്ഞു പഠിപ്പിക്കുകയാണ് രാഷ്ട്രീയക്കാരൻ ചെയ്യേണ്ട ആദ്യപാഠം.

രണ്ടാമത് ചെയ്യേണ്ടത്, റബ്ബറിന് താങ്ങുവില നൽകാതെ ആ പണത്തിന് പഴയ റബ്ബർ കർഷകർക്ക് പെൻഷൻ നൽകുക. അപ്പോൾ റബ്ബർ കൃഷി ചെയ്ത് ക്ഷയിച്ചുപോയവർക്ക് ഒരു ചെറിയ വരുമാനവുമായി, ആസാമിൽ നിന്ന് റബ്ബർ കോട്ടയത്ത് എത്തിച്ച് കർഷകരുടെ പേരിൽ പണം തട്ടുന്നവർക്ക ഒരു മറുപടിയുമാകും .

ബിജെപിയിൽ ചേർന്നപ്പോഴെങ്കിലും ജോർജ്ജിന് , ധനമന്ത്രി നിർമ്മല സീതാരാമന്റെ അടുക്കൽ ആന്റിഡംബിങ് ഡ്യൂട്ടി വർധിപ്പിക്കുന്ന കാര്യം ഒരു ആവശ്യമായി ഉന്നയിക്കാമായിരുന്നു. എങ്കിൽ അപ്പോഴേ വിവരമറിഞ്ഞേനെ.

ജോർജ്ജേ, ജോർജ്ജിന് ആർജ്ജവമുണ്ടെകിൽ -അത് ഇല്ലായെന്നറിയാം എങ്കിലും പറയുകയാണ് – ചുരുങ്ങിയ വിലക്ക് റബ്ബർ വാങ്ങി ടയർ ഉല്പാദിപ്പിക്കുന്ന കമ്പനികളോട് ചുരുങ്ങിയ വിലക്ക് തന്നെ ടയർ വിൽക്കണമെന്ന് പറയാൻ സാധിക്കുമോ? സാധിക്കില്ലെന്നറിയാം. കാരണം അവർ പണി തന്നാൽ പിന്നെ ജോർജ്ജില്ല.

പാവപ്പെട്ട കര്ഷകനാകുമ്പോൾ ആരുടേയും മുതുകത്ത് കയറില്ലല്ലോ അല്ലേ? ജോർജ്ജേ, ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് , എന്തെങ്കിലും കാണിച്ച് ആ ചെറുക്കനെ എവിടെയെങ്കിലും കയറ്റി വിടാൻ നോക്ക് – അത് മറ്റുള്ളവരെ ആക്ഷേപിച്ചിട്ടും മറ്റുള്ളവർക്ക് പിതൃപൂജ ചെയ്തിട്ടും ആകരുത്.

”യൗവനം വന്ന് ഉദിച്ചിട്ടും ചെറുതായില്ല ചെറുപ്പം” എന്ന് പണ്ട് പറയുന്നതുപോലെ ഇത്രയും പ്രായമായിട്ടും ലോകപരിചയമുണ്ടായിട്ടും ജോർജ്ജ് ഇപ്പോഴും ആ പഴയ തേവര കോളേജിൽ പഠിച്ചിരുന്ന ചൊങ്കൻ ജോർജ്ജ് തന്നെയാണ്. അന്നത്തെ അതേ സ്വഭാവമാണ് ജോർജ്ജിനിപ്പോഴുമെന്നാണ് പഴയ സഹപാഠികൾ പറയുന്നത്. എന്തരോ എന്തോ?*

Leave a Reply

Your email address will not be published. Required fields are marked *