Your Image Description Your Image Description
Your Image Alt Text

കൊച്ചി:കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ജേതാക്കളായപ്പോൾ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായിരുന്ന ടി എ ജാഫർ (83) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്‌ മൂന്നുമാസമായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ നേട്ടത്തിന്‌ ബുധനാഴ്‌ച 50 വർഷം തികയാനിരിക്കെയാണ്‌ അന്ത്യം. ഫോർട്ട്‌ കൊച്ചി ഹോസ്‌പിറ്റൽ റോഡ്‌ ‘നന്ദി’യിലായിരുന്നു താമസം.

വിദേശത്തുള്ള മകന്റെ വീട്ടിൽവച്ച്‌ സെപ്‌തംബറിലാണ്‌ പക്ഷാഘാതമുണ്ടായത്‌. പിന്നീട്‌ അബോധാവസ്ഥയിലായി. തുടർന്ന്‌ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. 1992ലും 1993ലും സന്തോഷ്‌ ട്രോഫി നേടിയ ടീമിന്റെ പരിശീലകനാണ്‌. പൊതുദർശനം തിങ്കൾ രാവിലെ ഏഴുമുതൽ ഫോർട്ട്‌ കൊച്ചിയിലെ വീട്ടിൽ. ഖബറടക്കം വൈകിട്ട്‌ നാലിന്‌ കൽവത്തി ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: ബൈജു, സഞ്‌ജു, രഞ്‌ജു. മരുമക്കൾ: നിതാസ്, രഹ്ന, സുൽഫീന.

ജാഫർ ഇനി ഓർമക്കളത്തിൽ
കളിക്കാരനായും പരിശീലകനായും കേരളത്തിന്‌ സന്തോഷ്‌ ട്രോഫി നേടിക്കൊടുത്ത ടി എ ജാഫർ മറയുന്നത്‌ ആദ്യ കിരീടനേട്ടത്തിന്റെ അമ്പതാം വർഷത്തിൽ. 1973 ഡിസംബർ 27നാണ് ക്യാപ്‌റ്റൻ ടി കെ എസ്‌ മണിയും വൈസ്‌ ക്യാപ്‌റ്റൻ ടി എ ജാഫറുമടങ്ങുന്ന ടീം എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിൽ കപ്പുയർത്തിയത്‌. അരനൂറ്റാണ്ട് പിന്നിട്ട സന്തോഷത്തിന്റെ ആഘോഷം 27ന്‌ നടക്കാനിരിക്കെയാണ് സഹതാരങ്ങളെയും കളിയാരാധകരെയും കണ്ണീരിലാഴ്ത്തി ജാഫറിന്റെ മടക്കം.

26 അംഗ ടീമിനെയാണ് 1973ലെ സന്തോഷ് ട്രോഫിക്കായി കോച്ച് സൈമൺ സുന്ദർരാജ് സജ്ജമാക്കിയത്. ജാഫറുംകൂടി പോയതോടെ ആ ടീമിൽ ശേഷിക്കുന്നത് 15 പേർ. അടുത്തിടെ ടീമംഗങ്ങൾ കൊച്ചിയിൽ ഒത്തുകൂടിയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായതിനാൽ ജാഫറുണ്ടായിരുന്നില്ല. എന്നാൽ, താരങ്ങളുടെ ഓർമകളിലും വാക്കുകളിലും വൈസ് ക്യാപ്റ്റൻ നിറഞ്ഞുനിന്നു.

കേരളം ജേതാക്കളായപ്പോൾ റൈറ്റ് ഹാഫ് ബാക്കായി സന്തോഷ്‌ ട്രോഫിയിലുടനീളം നിറഞ്ഞുനിന്നു. കലാശപ്പോര് റെയിൽവേസുമായി. കളിയുടെ അവസാനനിമിഷങ്ങളോട് അടുക്കുമ്പോൾ 3-–-2 എന്ന നിലയിലായിരുന്നു. അവസാനനിമിഷം സമനില പിടിക്കാൻ റെയിൽവേസ് ആഞ്ഞുശ്രമിച്ചു. പക്ഷേ, വിഫലമായി. ഫൈനൽ വിസിൽ മുഴങ്ങുന്ന നിമിഷത്തിൽ പന്ത് കേരളത്തിന്റെ ഗോൾകീപ്പർ രവീന്ദ്രൻനായരുടെ കൈയിൽ. മഹാരാജാസ് ഗ്രൗണ്ടിലെ കലാശപ്പോര് കണ്ടിരുന്നവർക്ക് ആവേശകൊടുമുടിയേറി.

സന്തോഷവും അതിലേറെ അഭിമാനത്തോടെയും ജാഫറും സംഘവും തല ഉയർത്തിനിന്നു. സ്വന്തം തട്ടകത്തിൽ നാട്ടുകാർക്കുമുന്നിൽ കപ്പടിക്കാനായത് ആഹ്ലാദമിരട്ടിയാക്കി. ജന്മനാടായ ഫോർട്ട് കൊച്ചിയിൽ കളിച്ചുവളർന്ന ജാഫർ, എഫ്‌എസിടിക്കും പ്രീമിയർ ടയേഴ്‌സിനും വേണ്ടി മിന്നിത്തിളങ്ങി. 1969 മുതൽ 1975 വരെ കേരളത്തിനുവേണ്ടി കളിച്ചു. തുടർന്ന്‌ പരിശീലകവേഷത്തിലും മികവുകാട്ടി. 1992ൽ കോയമ്പത്തൂരും 1993ൽ കൊച്ചിയിലും കേരളം ജേതാക്കളായപ്പോൾ പരിശീലകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *