Your Image Description Your Image Description
Your Image Alt Text

ഗൾഫ് നാടുകൾ മലയാളികളുടെ സ്വപ്നഭൂമിയായിരുന്നൊരു കാലമുണ്ടായിരുന്നു. മികച്ച ജീവിതം തേടി കടൽകടന്നവർ പ്രവാസത്തിന്റെ ഉഷ്ണഭൂമിയിൽ നിന്ന് നാട്ടിലേക്കയച്ച അറബിപ്പണത്തിന്റെ തിളക്കത്തിലായിരുന്നു കേരളത്തിൽ മാറ്റങ്ങളുടെയും വികസനത്തിന്റെയും ആദ്യമുദ്രകൾ തെളിഞ്ഞുതുടങ്ങിയത് .

എന്നാൽ,​ ഈ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നതിന്റെയും,​ നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കാനിരിക്കുന്ന പ്രതിസന്ധികളുടെയും ആശങ്ക വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന ആസൂത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് .

പ്രവാസി വരുമാനത്തിൽ ഒരുകാലത്ത് ഒന്നാംസ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ മഹാരാഷ്ട്രയ്ക്കു പിന്നിലായി . കൊവിഡ് മഹാമാരിയെത്തുടർന്ന് സ്വാഭാവികമായുണ്ടായ പ്രതിസന്ധിയുടെ തുടർച്ച മാത്രമാണിതെന്ന് കരുതുവാനാകില്ല.

കാരണം, കൊവിഡിനു മുൻപു തന്നെ, ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന മലയാളികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് റിസർവ് ബാങ്കിന്റെ ഒരു പഠന റിപ്പോർട്ട് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് 2015-ൽ ഗൾഫ് രാജ്യങ്ങളിലേക്ക് എമിഗ്രേഷൻ ക്ളിയറൻസ് നേടിയവരുടെ എണ്ണം ആറ് മുതൽ ഏഴ് ലക്ഷം വരെ ആയിരുന്നത് നാലുവർഷത്തിനു ശേഷം 2019-ൽ ഇത് വെറും മൂന്നര ലക്ഷമായി കുറഞ്ഞു.

പിന്നെയും ഒരുവർഷം കഴിഞ്ഞായിരുന്നു കൊവിഡ് ഭീഷണിയെന്ന് ഓർക്കണം. കൊവിഡിന് തൊട്ടു പിറ്റേവർഷമാകട്ടെ,​ ഇത് വെറും 90,​000 ആയി ഇടിഞ്ഞു! പ്രതിവർഷം രാജ്യത്തെത്തുന്ന ആകെ പ്രവാസി വരുമാനം ഏഴുലക്ഷം കോടിയുടേതാണ്. ഇതിൽ 35 ശതമാനം ഇപ്പോൾ മഹാരാഷ്ട്രയിലേക്കാണെന്നാണ് കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലുള്ളത്.

2016-17 ലെ 16.7 ശതമാനം എന്ന നിലയിൽ നിന്നാണ് മഹാരാഷ്ട്ര 2020-21ൽ 35 ശതമാനത്തിലേക്ക് എത്തിയത്. കേരളമാകട്ടെ,​ ഇതേ കാലയളവിൽ 19 ശതമാനം പ്രവാസി വരുമാനത്തിൽ നിന്ന് 10.2 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ശമ്പളം കിട്ടുന്ന യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള മലയാളി കുടിയേറ്റം കുറഞ്ഞതും സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിനിടെ,​ ഗൾഫ് മേഖലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ശമ്പളനിരക്കുകളിൽ വലിയ കുറവു സംഭവിക്കുകയും ചെയ്തു. കേരളത്തിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിൽ സംഭവിച്ച കുറവിന് ഈ രണ്ടു ഘടകങ്ങളും കാരണമായിട്ടുണ്ട്.

കൊവിഡിനു ശേഷം തൊഴിൽ നഷ്ടവും മറ്റും കാരണം ആകെ 15 ലക്ഷത്തോളം മലയാളികൾ പല രാജ്യങ്ങളിൽ നിന്നായി കേരളത്തിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് നോർക പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഈ മടക്കത്തിന്റെ 60 ശതമാനത്തിലധികവും യു.എ.ഇയിൽ നിന്നു മാത്രമായിരുന്നു .

ഗൾഫ് രാജ്യങ്ങളിൽ തുടരുന്നവർ തന്നെ,​ കൊവിഡിനു മുമ്പ് നാട്ടിലേക്കയച്ചിരുന്ന പണത്തിന്റെ തോതിലും വലിയ ഇടിവു സംഭവിച്ചു. ഇതിന്റെയെല്ലാം പ്രത്യാഘാതമാണ് ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ തെളിയുന്നത്.

പ്രവാസികളുടെ മടക്കവും,​ പ്രവാസി വരുമാനത്തിലെ ഇടിവും അവരുടെ കുടുംബങ്ങളിലുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പോലെതന്നെയോ,​ അതിലും ഗുരുതരമോ ആണ് കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഇതു സൃഷ്ടിക്കുന്ന ഞെരുക്കം.

മറ്റു കാരണങ്ങളാൽ ധനഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരിന് ഇത് പുതിയ വെല്ലുവിളിയായിത്തീരുകയും ചെയ്യും. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചാകട്ടെ,​ പ്രഖ്യാപിത പദ്ധതികളൊന്നും പൂർണ ഫലപ്രാപ്തിയിലെത്തിക്കാൻ നമുക്കായിട്ടില്ല.

നാട്ടിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായമുൾപ്പെടെ പ്രവാസി ക്ഷേമം ലക്ഷ്യമിട്ട പദ്ധതികളുടെ നിലവിലെ സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ല. പ്രവാസികളുടെ മടക്കവും,​ പ്രവാസി വരുമാനത്തിൽ വന്ന ഭീമമായ കുറവും,​ തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള ക്ഷേമകാര്യങ്ങളും പഠിക്കാനും സംസ്ഥാനത്തിന്റെ വരുമാന ഘടനയിലുണ്ടായ അന്തരം നികത്തുന്നതിനുള്ള ബദൽ മാർഗങ്ങൾ ആരായാനും ഇനിയും വൈകിക്കൂടാ. അതിനായി സർക്കാർ പദ്ധതികൾ രൂപപ്പെടുത്തണം .

Leave a Reply

Your email address will not be published. Required fields are marked *